ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നു പോകുന്നതോടെ മാതൃരാജ്യത്തിനായി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ നിത്യസ്മരണയിലാണ് ഇന്ത്യന്‍ മഹാരാജ്യം. രാജ്യത്തിന് വേണ്ടി പൊരുതി വീരമൃത്യു വരിച്ച ആ ധീര യോദ്ധാക്കന്മാരുടെ സ്മരണയില്‍ ഇവിടെ തലശ്ശേരിയിലും യുദ്ധസ്മാരകം ഉയര്‍ന്നു. തലശ്ശേരി നഗരസഭയും കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് മെന്‍ ലീഗ് തലശ്ശേരി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്താണ് യുദ്ധസ്മാരകമായ അമര്‍ ജവാന്‍ യുദ്ധസ്മാരകം സ്ഥാപിച്ചത്. തലശ്ശേരി നഗരസഭാദ്ധ്യക്ഷ കെ എം ജമുനാ റാണി ടീച്ചര്‍ യുദ്ധസ്മാരകം നാടിന് സമര്‍പ്പിച്ചു.
advertisement
സ്വാതന്ത്ര്യാനന്തരം വിവിധ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യം നല്‍കുന്ന ആദരാഞ്ജലികളുടെ പ്രതീകമായാണ് അമര്‍ ജവാന്‍ യുദ്ധസ്മാരകം രാജ്യത്ത് പണിയുന്നത്. ബംഗ്ലാദേശിൻ്റെ രൂപീകരണത്തിന് കാരണമായ 1971-ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് അമര്‍ ജവാന്‍ യുദ്ധസ്മാരകം ആദ്യമായി സ്ഥാപിച്ചത്. 1972 ജനുവരി 26, റിപ്പബ്ലിക് ദിനത്തിന് തയ്യാറെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഗ്രഹപ്രകാരം ഒരു മാസത്തിനുള്ളില്‍ അമര്‍ ജവാന്‍ ജ്യോതി സങ്കല്‍പ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നു. അമര്‍ ജവാന്‍ ജ്യോതിയുടെ പ്രധാന ഘടകങ്ങളില്‍ ഒരു കറുത്ത മാര്‍ബിള്‍ സ്തംഭം ഉള്‍പ്പെടുന്നു. അത് ഒരു അജ്ഞാത സൈനികൻ്റെ ശവകുടീരമായി കണക്കാക്കപ്പെടുകയാണ്. ഒരു റിവേഴ്സ്ഡ് റൈഫിള്‍ മുകളില്‍ ഒരു യുദ്ധ ഹെല്‍മറ്റ്. സ്മാരകത്തിൻ്റെ നാല് വശങ്ങളിലും ഹിന്ദിയില്‍ 'അമര്‍ ജവാന്‍' എന്ന് ആലേഖനം ചെയ്താണ് യുദ്ധത്തിലെ വീരമൃത്യുവരിച്ച ജവാന്മാരോടുള്ള ആദരവ് കാണിക്കുന്നത്.
തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് കവാടത്തിലെ ആല്‍ മരച്ചുവട്ടില്‍ നഗരസഭ അനുവദിച്ച സ്ഥലത്ത് ഒന്നേകാല്‍ ലക്ഷം രൂപ ചിലവഴിച്ചാണ് തലശ്ശേരി ജനത അമര്‍ ജവാന്‍ സ്മാരകം പണിതത്. അമര്‍ ജവാന്‍ ബ്രണ്ണന്‍ കോളേജിലെ 25 ഓളം എന്‍ സി സി കാഡറ്റുകളും സേക്രട്ട് ഹാര്‍ട്ട് വിദ്യാര്‍ത്ഥികളുടെ ബാൻ്റ് മേള സംഘവും അണിനിരന്നാണ് യുദ്ധ സ്മാരകം നാടിന് സമര്‍പ്പിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ എം വി ജയരാജൻ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പക്ടറും വിമുക്തഭടനുമായ അനില്‍ വിലങ്ങില്‍, ഒപ്പം വിമുക്ത ഭട സംഘടനാ നേതാക്കളും പൗര പ്രമുഖരും നഗരസഭാ കൌണ്‍സിലര്‍മാരും സംബന്ധിച്ചു. യുദ്ധസ്മാരകത്തില്‍ പുഷ്പചക്ര സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. സ്മാരകം നിര്‍മിച്ച തൊഴിലാളികളെയും സ്മാരകത്തിന് തോക്ക് മാതൃക നിര്‍മിച്ചു നല്‍കിയ പ്രശാന്ത് കൊണ്ടോടിയേയും ആദരിച്ചു.