വേലിയേറ്റ സമയ മുഹൂര്‍ത്തത്തില്‍ സ്ഥാനീകരും വ്രതക്കാരും ചേര്‍ന്ന് മേലൂര്‍ മണലില്‍ നിന്നും തൃക്കൈക്കുട കാവിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുട വരവ്. ഇതില്‍ പിന്നീട് കെട്ടിയാട്ടങ്ങള്‍ ദേവഭൂമിയില്‍ വിളയാടും. സീതയും മക്കളും എന്ന സങ്കല്‍പത്തില്‍ കെട്ടിയാടുന്ന അതിരാളന്‍ ഭഗവതിയും മക്കളുമാണ് അണ്ടലൂര്‍ കാവില്‍ ആദ്യം ഇറങ്ങുന്നത്. തുടര്‍ന്ന് നാഗകന്യക, നാഗഭഗവതി, തുടങ്ങിയ നിരവധി ദൈവക്കോലങ്ങളും ഉച്ചയോടെ ബാലി, സുഗ്രീവനും ഹനുമാന്‍ ബപ്പൂരനും എത്തും. സന്ധ്യയോടെ പ്രധാന ദൈവമായ ദൈവത്താറീശ്വരന്‍ തിരുമുടിയണിയും. ഒപ്പം അങ്കക്കാരന്‍, ബപ്പൂരന്‍ ദൈവങ്ങളും ഉണ്ടാവും.
advertisement
കുംഭം ഒന്നിന് തുടങ്ങുന്ന ഉത്സവ രാവിനെ വരവേല്‍ക്കാന്‍ ദേശത്തെ മുഴുവന്‍ വീടുകളും വൃത്തിയാക്കി വെള്ളപൂശി മോടി പിടിപ്പിക്കും. മത്സ്യ മാംസാദികളും മദ്യവും ഉപേക്ഷിച്ച് ദേശമൊന്നാകെ കഠിന വ്രതക്കാരാകും. ഭക്ഷണം പാകം ചെയ്യാന്‍ പഴയ പാത്രങ്ങളൊന്നും ഉപയോഗിക്കില്ല. എല്ലാ വീടുകളിലും പുത്തന്‍ കലങ്ങളും ചട്ടികളുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഈ ദിവസങ്ങളില്‍ ദേശത്തെ ഏതു വീട്ടിലെത്തിയാലും അതിഥികളെ അവിലും മലരും പഴവും നല്‍കി സല്‍ക്കരിക്കുക എന്നതും പ്രധാനം.
എല്ലാ തിരക്കുകളും മറന്ന് വിദേശത്തു നിന്നും ആളുകള്‍ ഈ ദിവസങ്ങളില്‍ അണ്ടല്ലൂരിലെത്തും. കുംഭം 7 വരെ നീളുന്ന ഉത്സവ രാവില്‍ ദൈവതാറിശ്വരൻ്റെ മണ്ണില്‍ അനുഗ്രഹം തേടിയെത്തുന്നത് ലക്ഷം പേരാണ്. ഈ ദിവസങ്ങളില്‍ ധര്‍മ്മടം പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ദൈവത്താര്‍ ഈശ്വരൻ്റെ വാനരപ്പടയാകുമെന്നാണ് വിശ്വാസം.