പറങ്കികള്‍ക്കെതിരായ അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ വിപ്ലവ സൂര്യനായി ജ്വലിച്ചു നിന്ന ധീര നായകനായിരുന്നു കണ്ണൂരിലെ ബലിയ ഹസന്‍. കുഞ്ഞാലി മരക്കാര്‍ക്കും വാരിയം കുന്നത്തിനും മുമ്പേ പോരാട്ടത്തിൻ്റെ ഭൂമികയില്‍ എഴുതപ്പെട്ട നാമം. അറക്കല്‍ ആലിരാജയുടെ വലം കൈയും സേനാനായകനുമായിരുന്നു ബലിയ ഹസന്‍. അറക്കല്‍ രാജവംശത്തിൻ്റെ ക്യാപ്റ്റന്‍ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. തങ്ങളുടെ സ്വാതന്ത്ര്യം ആരുടെയും ഭിക്ഷയെല്ലെന്ന് തെളിയിച്ച ധീര രക്തസാക്ഷിയുടെ സ്മരണയിലാണ് ഇന്ന് കണ്ണൂരും അറക്കല്‍ തറവാടും. അഞ്ഞൂറ് വര്‍ഷം മുമ്പ് കച്ചവടത്തിനായി കടല്‍ കടന്നെത്തിയ പറങ്കികളെ കടലില്‍ അതിശക്തമായി ചെറുത്ത അറക്കല്‍ നാവികസേനാ നായകന്‍, ബലിയ ഹസന്‍ എന്ന വലിയ ഹസൻ്റെ സ്മരണകളിരമ്പുന്ന കണ്ണൂര്‍. സമുദ്രത്തിൻ്റെ സഞ്ചാര വഴികളും നാഡിയിടിപ്പും കൃത്യമായി അറിയുന്ന ബലിയ ഹസന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഉള്‍ക്കടലില്‍ ചെന്ന് നിരവധി മിന്നലാക്രമണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കടല്‍കൊള്ളയില്‍ കുപ്രസിദ്ധനായിരുന്ന ദോണ്‍ ദുവാര്‍തെ ഡി മെനെസസിൻ്റെ മകന്‍ ഹെന്റിക് ഡി മെനെസസിൻ്റെ കാലത്താണ് ആ ധീര പോരാളിക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്.
advertisement
കടലില്‍ പറങ്കികളെ വിറപ്പിച്ച വലിയ ഹസനെ ഒടുവില്‍ ചതിയില്‍ പെടുത്തി പിടിയിലാക്കിയതും ചരിത്രം. സ്മരണകളുറങ്ങുന്ന കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ലെ ഒരു നാളാണ് ബലി ഹസനെ പറങ്കികള്‍ തൂക്കിലേറ്റിയത്. ചരിത്ര രേഖകളില്‍ മാത്രം ഒതുങ്ങിയതല്ല ബലിയ ഹസനെന്നതിൻ്റെ അടയാളമാണ്, കാലത്തിനിപ്പുറവും ബലിയ ഹസനെ സ്മരിക്കുന്ന ഒരു കൂട്ടം ജനതയുടെ ഈ ഓര്‍മ്മപ്പെടുത്തലും. ബലിയ ഹസനെന്ന പോരാളിയെ മലയാളത്തിലെ പല സ്വാതന്ത്ര്യ ചരിത്ര സിനിമകളിലും മിന്നല്‍ പ്രളയം പോലെ വന്നു പോകുന്ന ഒരു കഥാപാത്രമായി എഴുതാനെ സാധിക്കുന്നുള്ളു എന്നത് മാത്രമാണ് ഏക വിഷമം.
ഇന്ന് കണ്ണൂര്‍ സെൻ്റ് ആഞ്ചലോ കോട്ടയിലെത്തിയാല്‍ ഇത്തരത്തില്‍ നിരവധി ബലിയ ഹസന്‍മാരുടെ ചോരയുടെ ഗന്ധമുണ്ടാകും കോട്ടയിലെ ഓരോ കല്‍ചുമരുകള്‍ക്കും. ചതിയിലകപ്പെട്ടുപോയി ഒടുവില്‍ നാടിന് വേണ്ടി ജീവൻ ത്യജിച്ച ധീര യോദ്ധാക്കളുടെ ശരീരത്തില്‍ ചവിട്ടിയാണ് നമ്മുടെ കോട്ട ഇന്നിങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നത്.