വിമാനത്താവളത്തിലെ ആഗമനം, ചെക് ഇൻ സൗകര്യങ്ങൾ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ, മറ്റു സൗകര്യങ്ങൾ തുടങ്ങി 32 ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ നടത്തുന്നത്. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ പോർട്ടൽ വഴി യാത്രക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾകൂടി പരിഗണിച്ചതോടെ മികച്ച വിമാനത്താവളത്തിൻ്റെ പട്ടികയിൽ കണ്ണുരും എത്തി.
വിമാനത്താവള നിർമ്മാണത്തിൻ്റെയും ഉദ്ഘാടനത്തിൻ്റെയും പേരിൽ ഇന്നും തർക്കങ്ങളുണ്ടെങ്കിലും 2018 ഡിസംബര്‍ 9നാണ് വിമാനത്താവളം നാടിന് സമർപ്പിച്ചത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്ത് ചരിത്രം കുറിച്ചു. പ്രവര്‍ത്തനം ആരംഭിച്ച് 9 മാസം കൊണ്ട് പ്രതിദിനം 50 വീതം സര്‍വീസ് ടേക്ക് ഓഫും ലാന്‍ഡിങ്ങും ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കൈവരിച്ചു.
advertisement
സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടന സംഘം യാത്ര തിരിച്ചതും കണ്ണൂരില്‍ നിന്നാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നായി 145 യാത്രക്കാരാണ് കിയാലില്‍ നിന്നും അന്ന് ആദ്യമായി പറന്നത്. ഹജ് എംബാര്‍ക്കേഷന്‍ പോയിൻ്റ് കിയാല്‍ വിമാനത്താവളത്തില്‍ ആരംഭിച്ചതോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂരിനെയാണ്. ഇത്തവണത്തെ ഹജ് യാത്രയ്ക്കുള്ള നടപടികൾ നടന്നുവരികയാണ്.
മികച്ച വിമാനത്താവളത്തിൻ്റെ പട്ടികയിൽ എത്തിയതിൻ്റെ ആഹ്ലാദം കണ്ണൂരിൽ തുടങ്ങി. പുരസ്കാരം യാത്രക്കാർക്ക് സമർപ്പിക്കുന്നതായും കൂടുതൽ ഉപഭോക്തൃ സൗഹൃദത്തോടെയും മികവോടെയും പ്രവർത്തിക്കാൻ കിയാലിന് ഇത് പ്രചോദനമേകുമെന്നും കിയാൽ എം.ഡി. സി. ദിനേശ്കുമാർ പറഞ്ഞു.