പാടത്തും പറമ്പിലും കാല്പന്ത് തട്ടി കൂട്ടുകാരുടെ കൂടെ കളിച്ചു നടന്ന സത്യനെ ഇന്നും നാട്ടുകാര്‍ മറന്നിട്ടില്ല. 19 വര്‍ഷമായി സത്യന്‍ കാല്പന്ത് തട്ടാതിരുന്നിട്ട്. എന്നാലും ആരുടെയും മനസ്സില്‍ നിന്നും അദ്ദേഹം മാഞ്ഞിട്ടില്ലെന്നതിൻ്റെ തെളിവാണ് ഓരോ ജന്മദിനവും അനുസ്മരണവും. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ വിസ്മരിക്കാനാകാത്ത അധ്യായമായിരുന്ന വി പി സത്യന്‍ 1965 ഏപ്രില്‍ 29 നാണ് ജനിച്ചത്. മിഡ് ഫീല്‍ഡിലും ഡിഫന്‍സിലും ഒരു പോലെ തിളങ്ങിയ അതുല്യ പ്രതിഭ. 1980 ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് ഇന്ത്യയ്ക്കും കേരളത്തിനും ജന്മനാടായ കണ്ണൂരിനും ഏറെ അഭിമാനിക്കാനുള്ള ഓരോ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.
advertisement
പോലീസ്, കേരള ടീമുകളുടെ ശക്തികേന്ദ്രങ്ങളിലൊന്ന് വി പി സത്യൻ തന്നെ ആയിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഐ എൻ വിജയൻ എത്തിനില്കുന്ന അതെ സ്ഥാനം സത്യനും ലഭികുമായിരുന്നു. കാലിനേറ്റ പരിക്കും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അദ്ദേഹത്തെ തളര്‍ത്തി. അപ്പോഴും കൂടെ ഉണ്ടായത് പ്രിയപത്നി അനിതയാണ്.
വിധി മാറ്റി മറിച്ച ജീവിതത്തില്‍ 2006 ജൂലൈ 18 ന് ചെന്നൈ പല്ലാവരം റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിന്‍ തട്ടി അതുല്യപ്രതിഭ ലോകത്തോട് വിട പറഞ്ഞു. 19 വര്‍ഷം സത്യന്‍ ഇല്ലാത്ത ഫുട്‌ബോള്‍ ലോകം... കാലം ഇത്ര കഴിഞ്ഞിട്ടും ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ സത്യന്‍ എന്ന ഇതിഹാസം ജീവിക്കുന്നു. അതിന് തെളിവാണ് മേക്കുന്നിലെ സത്യൻ്റെ പേരിലെ സ്മാരകം.
ഇവിടെ ഇത്തവണയും ഫുട്‌ബോള്‍ പ്രേമികള്‍ ചേര്‍ന്ന് 13 വയസിന് താഴെയുള്ളവരുടെ സെവന്‍സ് ടൂര്‍ണമെൻ്റ് ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടത്തി. ഇവിടെ മൈതാനത്ത് കുരുന്നുകള്‍ കാല്പന്ത് ഉയര്‍ത്തുമ്പോള്‍ ദൂരെ നിന്ന് സത്യന്‍ അത് കാണുന്നുണ്ട്.