സംസ്ഥാന സര്‍ക്കാരിൻ്റെ ഡെസ്റ്റിനേഷന്‍ വെഡിങ് സെൻ്ററിന് മുതല്‍കൂട്ടെന്നോണം കണ്ണൂരിലെ ധര്‍മ്മടം ബീച്ചും ശ്രദ്ധേയമാകുന്നു. പ്രകൃതി കനിഞ്ഞ് നല്‍കുന്ന നയനമനോഹര കാഴ്ച്ചകള്‍ കണ്ണൂരില്‍ ഏറെയാണ്. അറബിക്കടലിലേക്ക് സംഗമിക്കുന്ന അഞ്ചരക്കണ്ടി പുഴയോരത്തെ തുരുത്തും ചേര്‍ന്ന് നില്‍ക്കുന്ന ബീച്ച് ടൂറിസം സെൻ്ററും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇത് മനസ്സിലാക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന് ധര്‍മ്മടം ടൂറിസം സെൻ്ററില്‍ ഡെസ്റ്റിനേഷന്‍ കേന്ദ്രം ഒരുക്കിയത്.
വിവാഹം എന്ന സ്വപ്‌നം അത്രയേറെ മനോഹരമാക്കാന്‍ ആകാശത്തേയും കടലിനേയും സാക്ഷിയാക്കി ജീവിതപങ്കാളികള്‍ ഒന്നാകുന്ന മുഹൂര്‍ത്തം. വധൂവരന്‍മാര്‍ക്കൊപ്പം വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കും എന്നും ഓര്‍മ്മിക്കാനുള്ള അനുഭവമാണ് ധര്‍മ്മടത്തെ വെഡ്ഡിങ് കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. വീടുകളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തി വരുന്ന കല്യാണ ചടങ്ങുകള്‍ക്ക് പകരം ഡെസ്റ്റിനേഷന്‍ വെഡിങ് മുന്‍കൂറായി ബുക്ക് ചെയ്യാം. വരൻ്റേയും വധുവിൻ്റേയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം കടലിൻ്റെ അനന്തകാഴ്ച്ചയില്‍ കല്ല്യാണം ആഘോഷമാക്കാം.
advertisement
മലബാര്‍ മേഖലയിലെ ഈ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രത്തില്‍ കല്ല്യാണ മേളം തുടരുകയാണ്. രണ്ടു മുതല്‍ നാല് ദിവസം വരെ പാക്കേജ് ആയാണ് വിവാഹം നടത്തുന്നത്. സ്ഥല ലഭ്യത, യാത്രാ സൗകര്യം, താമസ സൗകര്യം, എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ രീതിയിലുളള വിവാഹ വേദി തെരഞ്ഞെടുക്കുന്നത്. ധര്‍മ്മടം ബീച്ച് ഡെസ്റ്റിനേഷന്‍ വിവാഹ കേന്ദ്രമാകുമ്പോള്‍ വെഡ്ഡിങ് ഷോട്ടുകള്‍ക്കുള്ള ഇടങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ധര്‍മ്മടം തുരുത്ത്, പയ്യാമ്പലം ബീച്ച്, ചാല്‍ ബീച്ച്, പാലക്കയം തട്ട് എന്നിവിടങ്ങളിലും ഇതിനുള്ള സംവിധാനം ഒരുക്കുകയാണ്.