മാഹി കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് പുഷ്പ ഫല സസ്യ പ്രദർശനമാണിത്. കൃഷി വകുപ്പ് തേനി ജയകുമാറിൻ്റെ അധ്യക്ഷതയിൽ പുതുചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി പ്രദർശന ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ സ്പീക്കർ ഏമ്പലം സെൽവം, ഡെപ്യൂട്ടി സ്പീക്കർ രാജവേലു എന്നിവർ മുഖ്യ അതിഥികളായി. മാഹിയിലെ വൻ ജനാവലി വിവിധ ദിവസങ്ങളിലായി നടന്ന പ്രദർശനം കാണാൻ പള്ളൂർ പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ആധുനിക രീതിയിലുള്ള കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കാനും ക്ലാസുകളിൽ പങ്കെടുക്കാനും മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു. ഫെബ്രുവരി 19 നാണ് പ്രദർശനം ആരംഭിച്ചത്. മാഹി മേഖലയിൽ പ്രവർത്തിച്ചുവരുന്ന കലാകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ പ്രദർശന നഗരിയിൽ നടന്നു. അതോടൊപ്പം വിവിധ മഹിളാ സംഘടനകളുടെ പാചക മത്സരവും വിവിധ സ്റ്റാളുകളും പ്രവർത്തിച്ചു.
advertisement
പൂക്കൾ, പച്ചക്കറികൾ എന്നിവ കൊണ്ട് തീർത്ത മനോഹര രൂപങ്ങളും മേളയെ വ്യത്യസ്‌തമാക്കുന്നു. വിവിധ നിറങ്ങളിലും വ്യത്യസ്ത രൂപങ്ങളിലുമുള്ള പൂക്കങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്നു. പൂക്കളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം രുചി വൈവിധ്യങ്ങളുമായി ഭക്ഷ്യ മേള, കലാപരിപാടികൾ എന്നിവയും പ്രദർശന മേളയ്ക്ക് മാറ്റ് കൂട്ടുന്നു. കുറഞ്ഞ നിരക്കിൽ ചെടികളും വിത്തുകളും ഫലവൃക്ഷത്തൈകളും വാങ്ങാനുള്ള നഴ്സറികൾ ഒരുക്കിയിരിക്കുന്നു. രാവിലെ 9 മുതൽ രാത്രി 9 വരെ സൗജന്യ പ്രദർശനം നടത്തുന്നത് ആസ്വാദകർക് ആവേശം പകരുന്നു. പ്രദർശനത്തിൻ്റെ അവസാന ദിവസം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും വില്പനയും പ്രദർശന നഗരിയിൽ വച്ച് നടന്നു.