തലശ്ശേരിയുടെ സാമൂഹിക നവീകരണത്തിൻ്റെയും മാറ്റത്തിൻ്റെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ശ്രീ ജഗന്നാഥ ക്ഷേത്രം. ജാതിയ കോമരങ്ങളുടെ വാഴ്ച അവസാനിപ്പിക്കാനായി 1908 ഫിബ്രുവരി 13-ാം തീയതിയാണ് ശ്രീനാരായണ ഗുരു ക്ഷേത്രത്തില്‍ ഒരു ശിവ പ്രതിഷ്ഠ നടത്തിയത്. ശ്രീ ജഗന്നാഥ ക്ഷേത്രം എന്ന് നാമകരണം ചെയ്തതും ഗുരു തന്നെ. ക്ഷേത്ര ഭരണവും, ആചാര, അനുഷ്ടാന സമ്പ്രദായങ്ങളും വര്‍ക്കല ശിവഗിരി മഠത്തിൻ്റെ കീഴില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. ആരാധന സ്വാതന്ത്ര്യം എന്ന മലബാറിലെ പിന്നോക്ക സമൂഹത്തിൻ്റെ ലക്ഷ്യത്തിലെ സുപ്രധാന ചുവടു വെയ്പ്പായിരുന്നു തലശ്ശേരി ജഗന്നാഥ ക്ഷേത്രം.
advertisement
മൂര്‍ക്കോത്തു കുമാരന്‍ എന്ന നവോത്ഥാന നായകൻ്റെ ശ്രമങ്ങളുടെ ഫലം കൂടിയാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രം പിന്നീട് ജാതി വ്യത്യാസമില്ലാതെ ഏവര്‍ക്കും പ്രവേശനത്തിനായി തുറന്നു നല്‍കാന്‍ പരിശ്രമിച്ചതും മൂര്‍ക്കോത്ത് കുമാരനായിരുന്നു. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവില്‍ 1924 ല്‍ ഗുരുദേവൻ്റെ സാന്നിധ്യത്തില്‍ തന്നെ ഈ ക്ഷേത്രം ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കേരളത്തില്‍ സാമൂഹ്യ നീതിയുടെ ഒരു പുതുയുഗ പിറവി തന്നെ ആയിരുന്നു ഈ പ്രവര്‍ത്തി.
നെല്‍വയലുകള്‍ക്ക് നടുവില്‍ മണ്ണ് ഉയര്‍ത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതി ഭംഗി കൂടി ആസ്വദിച്ചാണ് ക്ഷേത്ര വഴികള്‍ കടന്നു പോകേണ്ടത്. പാവപ്പെട്ടവരില്‍ നിന്നും പണക്കാരില്‍ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി നാമകരണമുള്ള ഈ ശിവ ക്ഷേത്രം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ജഗന്നാഥ ക്ഷേത്രത്തിൻ്റെ ചുവരുകള്‍ വെള്ളയില്‍ കഴുകിയതും ചെരിഞ്ഞ മേല്‍ക്കൂരയില്‍ ചുവന്ന കളിമണ്‍ ടൈലുകളുമുണ്ട്. ശ്രീകോവിലില്‍ ജനാലകളില്ല, പൂജാരികള്‍ക്ക് മാത്രമേ അകത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ അബ്രാഹ്മണരാണ് ക്ഷേത്രത്തിലെ പൂജാരി. ക്ഷേത്രത്തിൻ്റെ മേല്‍ക്കൂരയില്‍ മനോഹരമായ ദാരുശില്‍പ്പങ്ങളുണ്ട്. കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനടുത്തായി പൂജയ്ക്കും അനുഷ്ഠാനങ്ങള്‍ക്കും മാത്രമായി ഒരു കിണര്‍ ഉണ്ട്. പരിസരത്ത് ആളുകള്‍ക്ക് സുരക്ഷിതമായി വെള്ളത്തിലിറങ്ങാന്‍ എല്ലാ വശങ്ങളിലും പടികള്‍ വെട്ടിയ മനോഹരമായ ഒരു കുളമുണ്ട്. കുളത്തിൻ്റെ നടുവില്‍ നാല് ആനത്തലകളുള്ള മനോഹരമായ ഒരു ജലധാരയും നിര്‍മ്മിച്ചിരിക്കുന്നു.
വിവിധ മതത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തും. കുംഭമാസത്തിലെ ശിവരാത്രി, മകരത്തിലെ തൈപ്പൂയം എന്നിവ പ്രധാനമാണ്. കുംഭം ഒന്നിനാണു പ്രതിഷ്ഠാദിനം. കുംഭത്തില്‍ പുണര്‍തം നാള്‍ മുതല്‍ 8 ദിവസം നീളുന്ന ഉല്‍സവം. സ്‌കന്ദ ഷഷ്ടി, കാര്‍ത്തിക മഹോത്സവം പ്രതിഷ്ഠാദിനം, ഭാഗവത സപ്താഹ യജ്ഞം തുടങ്ങിയവ ഇവിടെ കൊണ്ടാടുന്നു.
എല്ലാ സവിശേഷതകള്‍ക്കുമപ്പുറം ശ്രീ നാരായണ ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിൻ്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം എന്ന പ്രത്യേകതയും തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ്. സുപ്രസിദ്ധ ഇറ്റാലിയന്‍ ശില്പി പ്രൊഫ തവരേലി ആണ് പഞ്ചലോഹത്തില്‍ ഗുരുദേവൻ്റെ രൂപം സൃഷിച്ചത്. 1927 മാര്‍ച്ച് 12 നാണ് ബ്രഹ്‌മശ്രീ ബോധാനന്ദ സ്വാമികള്‍ ഗുരുദേവൻ്റെ പ്രതിഷ്ഠ നടത്തിയത്. ശ്രീനാരായണ ഗുരുവിൻ്റെ കൃതികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും ക്ഷേത്ര സമുച്ചയത്തിലുണ്ട്. ഇന്നും ക്ഷേത്രം പ്രൗഢഗംഭീരമായി തല ഉയര്‍ത്തി നില്‍ക്കുന്നു. യുഗപുരുഷൻ്റെ സ്മരണയില്‍ ക്ഷേത്രത്തില്‍ നവോത്ഥാന മ്യൂസിയം പണിയാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. തലശ്ശേരി ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് നൂറ്റാണ്ടിൻ്റെ പഴക്കമുള്ള ജഗന്നാഥ ക്ഷേത്രത്തില്‍ മ്യൂസിയം നിര്‍മ്മിക്കാനുള്ള പണിപ്പുരയിലാണ്.