ചെറുകുന്ന് സി ഡി എസിൻ്റെ സഹകരണത്തോടെ നടന്ന പ്രാദേശിക വനിതാ ക്രിക്കറ്റ് ലീഗില്‍ പുന്നച്ചേരി എ ഡി എസ് കപ്പുയര്‍ത്തി. വാര്‍ഡ് തലത്തില്‍ നടന്ന മത്സരത്തില്‍ എട്ട് എ ഡി എസുകളില്‍ നിന്നുമായി അയല്‍ക്കൂട്ടം, ഓക്‌സിലറി അംഗങ്ങള്‍ ഉള്‍പ്പെടുന്ന എട്ട് ടീമുകള്‍ ആണ് ലീഗില്‍ കൊമ്പുകൂര്‍ത്തത്.
ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി സജീവന്‍ പ്രാദേശിക വനിതാ ക്രിക്കറ്റ് ലീഗ് ഉത്ഘാടനം ചെയ്തു. ചെറുകുന്ന് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പുന്നച്ചേരി 30 റണ്‍സിനാണ് മുട്ടില്‍ എ ഡി എസിനെ കീഴടക്കിയത്. പെണ്‍കരുത്തിൻ്റെ പോരാട്ടവീര്യം കണ്ടു നിന്ന കാഴ്ച്ചക്കാരില്‍ ആവേശമുണര്‍ന്നു. ബൗളിങ്ങിലും ബാറ്റിംഗിലും ഒരു പോലെ തിളങ്ങിയ മുട്ടില്‍ എ ഡി എസ് താരം സി കെ ശ്രുതി ടൂര്‍ണമെൻ്റിലെ താരമായി.
advertisement
ഇത് രണ്ടാം തവണയാണ് വനിതാ ക്രിക്കറ്റ് ലീഗ് ചെറുകുന്നില്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍, ചെറുകുന്ന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ വി നിര്‍മല എന്നിവര്‍ ടൂര്‍ണമെൻ്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആവേശമായ പോരാട്ടത്തിന് പിന്നാലെ നടന്ന സമാപന ചടങ്ങില്‍ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി നിഷ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
കായിക മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്താനും വനിതകളുടെ മാനസ്സിക ഉല്ലാസം മെച്ചപ്പെടുത്താനുമാണ് കുടുംബശ്രീ വനിതാ ക്രിക്കറ്റ് മത്സരം നടപ്പാക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തന്നെ കായിക തീരം പദ്ധതിയുടെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനവും നല്‍കി വരുന്നുണ്ട്. പ്രാദേശിക ക്രിക്കറ്റ് ലീഗിൻ്റെ വിജയത്തോടെ ജില്ലാതല വനിതാ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് നടത്താനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.