59 വയസ്സാണ് വാസന്തിയുടെ പ്രായം. പ്രായത്തില്‍ കാര്യമില്ലെന്ന് വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. സ്വപ്‌നങ്ങളെ ആരോ നിശ്ചയിച്ച ചട്ടക്കൂട്ടിലിട്ട് അടിച്ചമര്‍ത്താതെ തൻ്റെ ഓരോ ശ്വാസത്തിലും സന്തോഷം കണ്ടെത്താനാണ് ഈ അമ്മ യാത്ര ആരംഭിച്ചത്. തയ്യല്‍ ജോലിയില്‍ നിന്ന് മിച്ചംപിടിച്ചു കിട്ടുന്ന തുക മാറ്റിവെച്ചാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
പ്രാരാബ്ധങ്ങള്‍ക്കും സമൂഹത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും വാസന്തിക്ക് ഒരു മറുപടിമാത്രം. ജീവിതം ഒന്നേയുള്ളു, അത് നമ്മുക്ക് വേണ്ടി അല്ലാതെ മറ്റാര്‍ക്ക് വേണ്ടി ആസ്വദിക്കുമെന്ന്. 37 വര്‍ഷമായി തയ്യല്‍ ജോലി ചെയ്യുന്ന തൃച്ചംബരം സ്വദേശിയായ ചെറുവീട്ടില്‍ വാസന്തി എവറസ്റ്റിലേക്ക് ഒറ്റയ്ക്ക് യാത്ര തുടങ്ങിയത് ഫെബ്രുവരി ഒന്‍പതിനാണ്.
advertisement
23 ന് എവറസ്റ്റിലെത്തിയ വാസന്തിയുടെ ആഗ്രഹം കേരളാസാരിയുടുത്ത് ഇന്ത്യന്‍ പതാക കൈയിലേന്തി നില്‍ക്കുന്ന ഒരു പടം. പലരും പലര്‍ക്കും വേണ്ടി സ്വയം വേണ്ടെന്നു വച്ച ആഗ്രഹങ്ങളുടെ ഓര്‍മ്മപെടുത്തലുകള്‍ കൂടിയാകും ആ പടം. നഷ്ടബോധം ഉണ്ടാക്കാതെ സ്വപ്‌നത്തിന് പ്രായം തടസ്സമല്ലെന്ന് വാസന്തിയിലൂടെ ആരൊക്കെയോ അറിഞ്ഞ നിമിഷമായിരുന്നു അത്.
എവറസ്റ്റിലേക്കുള്ള യാത്രയില്‍ ആകെ 1.45 ലക്ഷം രൂപയാണ് ചെലവായത്. മൂന്നുവര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ലക്ഷ്മണന്‍ മരിച്ചത്. പിന്നീടിങ്ങോട്ട് 2 ആണ്മക്കള്‍ക്ക് വേണ്ടി തന്നെയായിരുന്നു വാസന്തിയുടെ ജീവിതം. മനസില്‍ കരുതിയിരുന്ന ആഗ്രഹത്തിന് പിന്നിലെ യാത്ര ആരംഭിച്ചത് നാല് മാസം മുന്‍പാണ്.
കൃത്യമായ വ്യായാമവും കഠിന പ്രയത്‌നവും ഒടുവില്‍ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് മുതല്‍ക്കൂട്ടായി. 59-ാം വയസ്സില്‍ തനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നാണ് വാസന്തിക്ക് മറ്റുള്ളവരോടും പറയാനുള്ളത്.