പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിലെ തുക എങ്ങനെ വിനിയോഗിക്കണമെന്ന ആലോചനയിലാണ് ആര്‍ട്ട് ഗാലറി എന്ന ആശയം ഉയര്‍ന്നത്. അങ്ങനെ 2003ല്‍ കതിരൂര്‍ ടൗണില്‍ നാടിനെ തൊട്ടറിഞ്ഞ് ആര്‍ട്ട് ഗാലറി സ്ഥാപിച്ചു. വെറുമൊരു ആര്‍ട്ട് ഗാലറി മാത്രമായിരുന്നില്ല അവിടെ ഉയര്‍ന്നത്. ഇന്ത്യയില്‍ ജനകീയാസൂത്രണ പദ്ധതിയിലൂടെ സ്ഥാപിതമായ ആദ്യ ആര്‍ട്ട് ഗാലറിയായിരുന്നു അത്. വര്‍ഷങ്ങളുടെ ചരിത്രമുള്ള കതിരൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആര്‍ട്ട് ഗാലറിയുണ്ട്. 1994ല്‍ അന്താരാഷ്ട്ര ചിത്രകലാ ക്യാമ്പിന് വേദിയായതും ഈ കതിരൂര്‍ സ്‌കൂളാണ്.
advertisement
നാള്‍ക്കുനാള്‍ വിവിധ കലാ പ്രദര്‍ശനം സംഘടിപ്പിക്കപ്പെടുന്ന ഇന്ന് കതിരൂരിലെ ഈ ചിത്രഗ്രാമം പദ്ധതി വേറിട്ടു നില്‍ക്കുന്നു. ചിത്രസംസ്‌കാരവും ചിത്രസാക്ഷരതയും വളര്‍ത്താനുള്ള ഒരു ഗ്രാമത്തിൻ്റെ ഒറ്റക്കെട്ടായുള്ള പരിശ്രമം തന്നെയാണ് കതിരൂരിനെ മാതൃകയാക്കുന്നത്. അങ്കത്തട്ടിലെ വീര കഥകള്‍ പാടി പറഞ്ഞ കതിരൂരില്‍ ഇന്ന് വരകളും വര്‍ണങ്ങളും പാറി പറക്കുകയാണ്. അതിന് നേതൃത്വം നല്‍കാന്‍ ഒരു ഗ്രാമം ഒന്നായി മുന്നിട്ടു നില്‍ക്കുകയാണ്.
കതിരൂരിന് ആ പേര് വന്നതിന് പിന്നില്‍ നിരവധി കഥകൾ പണ്ടുള്ളവർ പറയാറുണ്ട്. പ്രസിദ്ധമായ സൂര്യനാരായണ ക്ഷേത്രം ഇവിടെയുള്ളതിനാല്‍ കതിരവൻ്റെ ഊര് എന്ന പേരില്‍ അറിയപ്പെടുന്നു. അതല്ല, സമൃദ്ധമായ നെല്‍വയലുകള്‍ നിറഞ്ഞ സ്ഥലമായതിനാല്‍ കതിരൂര്‍ എന്ന് പേരു വന്നു എന്ന് മറ്റൊരു കഥയും ഉണ്ട്. ഒരു ചിത്രകഥയിലേക്ക് നടന്നുകയറുന്ന പോലെയാണ് കതിരൂര്‍ ഗ്രാമം. വായനശാലയുടെ ചുവരില്‍ കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകിയും, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൻ്റെ ചുവരുകളില്‍ ഉപ്പുസത്യഗ്രഹവും ഝാന്‍സി റാണിയും വാഗണ്‍ ട്രാജഡിയുമുള്‍പ്പെടെ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ദൃശ്യങ്ങളും നിറയുകയാണ്. തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പടവെട്ടിയ പൊന്ന്യത്തെ പുത്തരിക്കണ്ടം കളരിവീരന്മാരുടെ ചിത്രം അങ്ങനെ എവിടെയും ചുവര്‍ചിത്രങ്ങളാണ്.
കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ കതിരൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ചിത്രഗ്രാമം പദ്ധതി എന്നും ശ്രദ്ധയമാണ്. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറിക്ക് രൂപം നല്‍കിയ കതിരൂര്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും പെയിൻ്റിങ്ങുകളുളള ആദ്യ ഗ്രാമമായി ചരിത്രം അടയാളപ്പെടുത്തണമെന്ന ആഗ്രഹമാണ് ബാക്കിയുളളത്.