63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള ജില്ലകളുടെ പോരാട്ടമാണ് ഇനിയുള്ള നാളുകള്‍. കോഴിക്കോടും പാലക്കാടും തമ്മില്‍ മത്സരിച്ച് കലോത്സവ കിരീടം പങ്കുവച്ച 20 വര്‍ഷങ്ങള്‍, ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത് നമ്മുടെ സ്വന്തം കണ്ണൂരാണ്. കലോത്സവത്തിൻ്റെ അവസാന രാവില്‍ കോഴിക്കോടിനോട് പൊരുതിയാണ് കണ്ണൂര്‍ വിജയിച്ചത്. 23 വര്‍ഷത്തെ കാത്തിരിപ്പിൻ്റെ പരിസമാപ്തിയായിരുന്നു ആ നിമിഷം. കണ്ണൂരിന് വേണ്ടി മൊകേരി രാജീവ്ഗാന്ധി എച്ച് എസ് എസ് 80 പോയിൻ്റാണ് നേടിയത്. കേരള സംസ്ഥാനം രൂപം കൊണ്ടതിന് പിന്നാലെ കലോത്സവത്തിനും ആരംഭമായിരുന്നു. എന്നാല്‍ 1986 ലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിൻ്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് നല്‍കുന്ന പതിവ് തുടങ്ങിയത്. കണ്ണൂരിനെ സംബന്ധിച്ച് കലോത്സവക്കപ്പില്‍ 4 തവണ മുത്തമിടാനുള്ള ഭാഗ്യം നേടി.
advertisement
ഇത്തവണ കാസര്‍കോട് നിന്ന് ആരംഭിച്ച സ്വര്‍ണ്ണ കപ്പിൻ്റെ യാത്രയെ കരിവെള്ളൂര്‍ എ. വി. സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കണ്ണൂരിൻ്റെ മണ്ണിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്വീകരണത്തില്‍ ഡി. ഡി. ഇ ബാബു മഹേശ്വരി പ്രസാദ്, എസ്. എസ്. കെ. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ. സി. വിനോദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി. വി. പ്രേമരാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ചാവശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സ്വീകരണം നല്‍കി. കൊട്ടിയൂര്‍ ബോയ്‌സ് ടൗണിലെ സ്വീകരണത്തിന് ശേഷം കപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി.
തലസ്ഥാന നഗരിയില്‍ ഉയരുന്ന കേളികൊട്ടിലേക്ക് സ്വര്‍ണക്കപ്പിൻ്റെ യാത്ര ആരംഭിച്ചത് മുതല്‍ കണ്ണൂരും പണിപുരയിലാണ്. കഴിവുള്ള കലാകാരന്മാരുമായി അംങ്കത്തട്ടിലിറങ്ങാനുള്ള പുറപാടിലാണ് ജില്ല. ഉറച്ച വാശിയുമായി അവര്‍ യാത്ര ആരംഭിക്കും. തുടര്‍ച്ചയായി സ്വര്‍ണകപ്പ് സ്വന്തമാക്കാന്‍.