യുവജനങ്ങളുടെ കലാകായിക സാംസ്‌കാരിക ഉത്സവമായ കേരളോത്സവം തലശ്ശേരിയില്‍ തകൃതിയായി തുടരുകയാണ്. കലാ, സാംസ്‌കാരിക കായികപരമായി യുവത്വം കേരളോത്സവത്തെ ഇരു കൈയിലും ഏറ്റുവാങ്ങി. നവംബര്‍ അവസാന വാരം ആരംഭിച്ച കേരളോത്സവത്തിൻ്റെ ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ ഒന്നൊന്നായി തുടരുന്നു. തലശ്ശേരി നഗരസഭയുടെ കേരളോത്സവത്തിൻ്റെ ഭാഗമായി നഗരസഭയുടെ പഴയ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടത്തിയ സാഹിത്യ പെയിൻ്റിംഗ് മത്സരങ്ങള്‍ കേരളോത്സവത്തിൻ്റെ വിജയ തുടര്‍ച്ചയുടെ ബാക്കി പത്രമാണ്. യുവത്വം ഏറ്റുമുട്ടിയ സാഹിത്യമത്സരത്തിൻ്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷബാന ഷാനവാസാണ് നിര്‍വഹിച്ചത്. സാഹിത്യ ബോധത്തെ സ്ഫുടം ചെയ്‌തെടുത്ത് യുവ പ്രതിഭകള്‍ മത്സരിച്ചപ്പോള്‍ കേരളോത്സവം വേറിട്ടതായി.
advertisement
വടക്കന്‍ കേരളത്തിൻ്റെ മുഖമുദ്രയായ കളരിയും കേരളോത്സവത്തില്‍ മാറ്റുരച്ചു. പൊയ്യേരി ബാലകൃഷ്ണന്‍ സ്മാരക കളരിയില്‍ മെയ് വഴക്കത്തോടെ യുവ കളരി അംഗങ്ങള്‍ പൊരുതി. അംങ്കത്തട്ടിലെ പോരാട്ടത്തില്‍ ഒന്നിനൊന്ന് ഗംഭീരമായാണ് കളരിപയറ്റ് മത്സരം നടന്നത്. പാണൻ്റെ പാട്ടിലെ ഒദയനെനും ചന്തുവും പുനര്‍ജനിച്ച് ഒരിക്കല്‍ കൂടി പൊരുതിയത് പോലെ കേരളോത്സവത്തിലെ കളരിപ്പയറ്റ് ആവേശമായി. കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്‌കാരിക സംഗമവേദി എന്ന നിലയില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പ്രാദേശിക തലത്തില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിവരുന്ന ആദ്യഘട്ട കേരളോത്സവം ബ്ലോക്ക്, ജില്ലാ തലത്തിലേക്ക് മാറുന്നതോടെ മത്സരങ്ങൾ ഇനിയും കെങ്കേമമാകും.