കണ്ണൂർ ജില്ല മിഷന് കീഴിൽ സ്നേഹിത എക്സ്റ്റൻഷൻ സെൻ്ററിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി നിർവഹിച്ചു. കണ്ണൂർ എ സി പി ഓഫീസിൽ നടന്ന പരിപാടിയിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ പി എസ് മുഖ്യാതിഥിയായി. കുടുബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരണം നടത്തി. ജില്ലയിൽ എല്ലാ എ സി പി, ഡി വൈ എസ് പി ഓഫീസുകളിലും ഇതിൻ്റെ കീഴിൽ വരുന്ന പോലിസ് സ്റ്റേഷനുകളിലുമാണ് സ്നേഹിതയുടെ കൗൺസിലർ സേവനം ഇനി മുതൽ ലഭ്യമാകുന്നത്. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്.
advertisement
പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക, കൗൺസിലിംഗ് സേവനം നൽകുക, താൽക്കാലിക ഷെൽട്ടറിങ് ആവശ്യമുള്ളവർക്ക് സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിൽ ഷെൽട്ടറിങ് ലഭ്യമാക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസിക നില അവലോകനം ചെയ്യുക, കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പോലീസിനെ സഹായിക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക എന്നിവയൊക്കെയാണ് സ്നേഹിത സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ.