1971 ലാണ് കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഗോളിയായി ഹോക്കി ഇന്ത്യന്‍ ടീമിലെത്തിയത്. തുടര്‍ന്ന് 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടി. 1973 ല്‍ ഹോക്കി ലോകകപ്പില്‍ വെള്ളിയും നേടി. ദേശീയ ടീമില്‍ മിന്നും പ്രകടനം കാഴ്ചവച്ച താരം ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതിനാല്‍ ദ് ടൈഗര്‍ എന്ന പേരിലാണ് മാനുവല്‍ ഫ്രെഡറിക് അറിയപ്പെട്ടത്.
advertisement
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്.
തൻ്റെ 71-ാം വയസ്സില്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. വെള്ളിയാഴ്ച (Oct 31) ബംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ച മാനുവല്‍ ഫ്രെഡിക്കിൻ്റെ സംസ്‌കാരം ഞായറാഴ്ചയാണ് (Nov 2) നടന്നത്.
