കൈ പിടിയിലൊതുങ്ങുന്ന വലുപ്പം മാത്രമുള്ള കുട്ടിതേവാങ്കിന് പകല്‍ സഞ്ചാരം എന്നത് അത്ര പ്രായോഗികമല്ല. ഇവയെ കണ്ടാല്‍ കാക്കയോ പരുന്തോ ചെമ്പോത്തോ ആഹാരമാക്കും. പകല്‍ കാടിന് പുറത്തെത്തിയ ഈ കുട്ടിത്തേവാങ്ക് കാക്കയുടെ അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയതാണെന്ന് ഇതിനെ കണ്ടെത്തിയ മാര്‍ക്ക് പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ മൃഗാശുപത്രി കുട്ടിത്തേവാങ്കിന് വെറ്ററിനറി സര്‍ജന്‍ ഡോ. നവാസിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന കുട്ടിത്തേവാങ്കിൻ്റെ ആരോഗ്യം വീണ്ടെടുത്തതോടെ കാട്ടിലേക്ക് തിരിച്ച് വിട്ടു. വംശനാശ ഭീഷണി നേരിടുന്ന കുട്ടിത്തേവാങ്കിനെ കൊട്ടിയൂര്‍ വനമേഖലയിലും ആറളം വന്യജീവി സങ്കേതത്തിലും അപൂര്‍വമായി കാണാറുണ്ട്.
advertisement
കുഞ്ഞന്‍ ശരീരമായ കുട്ടിതേവാങ്കിൻ്റെ മുഖം വെളുത്തതും ഉടല്‍ ചുവപ്പ് കലര്‍ന്നതുമാണ്. വട്ടത്തില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കണ്ണൂകളാണ് തേവാങ്കിൻ്റെ പ്രത്യേകത. പശ്ചിമഘട്ട മലനിരകളില്‍ ഏറെ കാണുന്ന കുട്ടിതേവാങ്ക് പലപ്പോഴും ശത്രുക്കളെ ഭയന്ന് വള്ളിച്ചെടികള്‍ക്കുള്ളിലാണ് അഭയം പ്രാപിക്കുക.