അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വസ്തുക്കളെ കൈയിലൊതുങ്ങുന്ന കുഞ്ഞ് രൂപങ്ങളാക്കുന്ന ആശയം പയ്യന്നൂര്‍ തെക്കേ ബസാര്‍ സ്വദേശി ഇഷാൻ്റെ മനസ്സില്‍ മൊട്ടിടുന്നത്. കൃത്യതയോടെയാണ് ഇഷാന്‍ തൻ്റെ മിനിയേച്ചറുകള്‍ക്ക് പൂര്‍ണ്ണത നല്‍കാറുള്ളത്. പിന്നീടിങ്ങോട്ട് സദ്യ, മസാല ദോശ, ഗ്രാമഫോണ്‍, ക്യാമറ, പേന, കത്രിക, കത്തി, ക്ലോക്ക്, കുട, ക്രിക്കറ്റ് ബാറ്റ്, റേഡിയോ എന്നിങ്ങനെ തൻ്റെ കണ്ണില്‍ കണ്ട വസ്തുക്കളൊക്കെ ചെറു രൂപങ്ങളാക്കി. ഓന്നോ രണ്ടോ ദിവസമെടുത്താണ് ഓരോ രൂപങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക. ക്ഷമയോടെയും കാത്തിരിപ്പോടെയും ഓരോ വസ്തുക്കൾ നിര്‍മ്മിക്കുക എന്നതാണ് ഇപ്പോള്‍ ഇഷാൻ്റെ വിനോദം. പേപ്പറുകള്‍, ഫോം ബോര്‍ഡ് തുടങ്ങി ഉപയോഗ ശൂന്യമായ വസ്തുക്കളാണ് മിനിയേച്ചറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.
advertisement
ശാസ്ത്ര ഉപജില്ല മേളയില്‍ മെറ്റല്‍ എന്‍ഗ്രേവിങ്ങില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നേടിയ ഇഷാന് പ്രോത്സാഹനവുമായി വീട്ടുക്കാരും കണ്ടങ്ങാളി ഷേണായി സ്മാരക ഗവണ്‍മെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും സഹപാഠികളും കൂടെയുണ്ട്.
മിനിയേച്ചറില്‍ കഴിവ് തെളിയിച്ച ഇഷാൻ്റെ ഇനിയുള്ള മോഹം, ചിത്ര രചനയും പ്രദര്‍ശനവുമാണ്. കുട്ടിനാള്‍ മുതല്‍ തൻ്റെ അമ്മയുടെ ചിത്ര രചന കണ്ട് വളര്‍ന്ന ഇഷാന് ചിത്രങ്ങള്‍ വരച്ചും ശില്‍പങ്ങളെല്ലാം ചേര്‍ത്ത് വച്ചും ഒരു വലിയ പ്രദര്‍ശനം നടത്താനാണ് ഇനിയുള്ള ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പും ഈ കുട്ടി കലാകാരൻ തുടങ്ങി കഴിഞ്ഞു.