കൊച്ചു കുഞ്ഞിൻ്റെ ജീവൻ തിരിച്ചുപിടിക്കാന്‍ ഒരു നാടൊന്നാകെ ഒന്നിച്ച അപൂര്‍വ്വം കാഴ്ച്ചയാണ് പന്ന്യന്നൂരിലേത്. 1.50 കോടി രൂപയോളമാണ് കുഞ്ഞിൻ്റെ ചികിത്സയ്ക്ക് ആവശ്യമുള്ളത്. നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സച്ചെലവ്. ഇതോടെ നാട്ടുകാര്‍ സമിതി രൂപവത്കരിച്ചു. ചികിത്സാസഹായ കമ്മിറ്റി രൂപവത്കരണയോഗം പന്ന്യന്നൂര്‍ അരയാക്കൂല്‍ യു.പി. സ്‌കൂളില്‍ നേരത്തേ സ്പീക്കര്‍ എ എന്‍ ഷംസീർ ഉദ്ഘാടനം ചെയ്തിരുന്നു.
ദൈവിക്കിൻ്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി മടപ്പുരയിലെ മുത്തപ്പനും തെയ്യങ്ങളും മാതൃക കാണിച്ചു. ക്ഷേത്രം ഭാരവാഹികള്‍ മുന്‍കൈയെടുത്ത് ക്ഷേത്രത്തില്‍ ദൈവിക്ക് ചികിത്സാധന സമാഹരണത്തിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഉത്സവസമാപനദിവസം മുത്തപ്പനും പോതിത്തെയ്യങ്ങളും നേര്‍ച്ചയായി ലഭിച്ച തുക കൈമാറി. ഭക്തന്മാര്‍ ഏറ്റെടുത്തിരിക്കുന്ന നല്ലൊരു കാര്യത്തിന് മുത്തപ്പൻ്റെ പൊന്നുംഭണ്ഡാരത്തില്‍ വീണ പണം നല്‍കുകയാണെന്നും സന്താനത്തിന് എത്രയും പെട്ടെന്ന് ആയുരാരോഗ്യ സൗഖ്യമുണ്ടാകാനുള്ള വഴികള്‍ കാണിച്ചുതരുമെന്നും മുത്തപ്പന്‍ ഭക്തജനങ്ങളോടായി പറഞ്ഞു.
advertisement
പാനൂരിലെ ബസ് കൂട്ടായ്മയും ദൈവിക്കിനായി കൈകോര്‍ത്തു. പാനൂര്‍ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 14 ബസുകള്‍ മുഴുവന്‍ വരുമാനവും ദൈവിക് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. രണ്ട് മാസത്തോളമായി ചികിത്സക്കാവിശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചികിത്സാ സഹായ കമ്മിറ്റി. ഈ വിവരമറിഞ്ഞാണ് പാനൂരിലെ ബസ് കൂട്ടായ്മ ദൈവിക്കിന് കൈത്താങ്ങേകാന്‍ ഒരു ദിവസം മാറ്റിവച്ചത്. ആദ്യഘട്ടത്തില്‍ 14 ബസുകളാണ് ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റിക്കായി സര്‍വീസ് നടത്തിയത്. ഈ തുകയും ചികിത്സാനിധിയിലേക്ക് കൈമാറി.
സ്‌കൂളുകളും കുടുംബശ്രീ അയല്‍കൂട്ടങ്ങളും ഹോട്ടലുകളും എന്നിങ്ങനെ എല്ലാ മേഖലയിലെ സംഘടനകളും ആളുകളും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സാ സഹായ ഫണ്ട് സ്വരൂപണം തുടരുകയാണ്. ഇനിയും 38 ലക്ഷം രൂപ കൂടി ചികിത്സയ്ക്കായി കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഇനിയുള്ള പണവും വേഗത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഇതിനിടയില്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ ദൈവിക്കിൻ്റെ അസുഖം ഭേദമാകണമെന്ന് മാത്രം.