365 ദിവസവും തെയ്യം കെട്ടിയാടുന്ന അപൂര്‍വ്വം ക്ഷേത്രത്തില്‍ എത്തിയാല്‍ മനസ്സും വയറും നിറച്ച് വിടുന്നവനാണ് മുത്തപ്പന്‍. മുത്തപ്പൻ്റെ സന്നിധിയില്‍ എപ്പോളെത്തിയാലും എത്ര നേരം വൈകിയാണെങ്കിലും ഇവിടെ ഭക്ഷണം ലഭിക്കും. അതിന് ജാതിയും മതവും ഒന്നും ഒരു പ്രശ്‌നമല്ല. പ്രശ്‌നങ്ങളില്‍ പെട്ടു ജീവിതം മടുത്തവരാണ് സമാധാനത്തിനും പരിഹാരങ്ങള്‍ക്കുമായി മുത്തപ്പനെ തേടി എത്തുന്നത്. മറ്റൊന്നിനും പരിഹാരം കാണാനാവാതെ വരുമ്പോള്‍ തന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് എത്തുന്നവരെ മുത്തപ്പന്‍ ഒരിക്കലും നിരാശരാകില്ല.
കണ്ണൂരുകാരുടെ മുത്തപ്പന്‍ മടപ്പുരയെപ്പറ്റിയും മുത്തപ്പെൻ്റെ ഐതിഹ്യത്തെപ്പറ്റിയും നിരവധി കഥകള്‍ വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്. കണ്ണൂരിലെ എരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്ത് വളര്‍ന്ന കുഞ്ഞില്‍ നിന്നുമാണ് മുത്തപ്പൻ്റെ കഥ തുടങ്ങുന്നത്. മക്കളില്ലാത്ത ദുഖത്തില്‍ പുജകളും വഴിപാടുകളും നടത്തി ജീവിച്ചിരുന്ന ഈ ഇല്ലത്തെ അന്തര്‍ജനത്തിനും നമ്പൂതിരിക്കും മഹാദേവൻ്റെ അനുഗ്രഹത്താല്‍ കൊട്ടിയൂര്‍ തിരുവഞ്ചിറയില്‍ നിന്നും ലഭിച്ച കുട്ടിയാണ് മുത്തപ്പന്‍. സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി വിചിത്രമായ രീതികള്‍ കാണിച്ചുകൊണ്ടിരുന്ന മുത്തപ്പന്‍ തറവാടിന് പല തവണയായി പേരു ദോഷം കേള്‍പ്പിക്കുന്നു എന്ന പരാതി അന്തര്‍ജനത്തിനുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് മുത്തപ്പന്‍ സമ്മതനായിരുന്നുവെങ്കിലും വീട്ടുകാര്‍ക്ക് അങ്ങനെ അല്ലായിരുന്നു. എന്നാല്‍ തൻ്റെ പുത്രനോടുള്ള അളവില്ലാത്ത സ്‌നേഹം കാരണം അന്തര്‍ജനം മുത്തപ്പൻ്റെ തെറ്റുകള്‍ പൊറുക്കുകയും കണ്ടില്ല എന്നു നടിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം ദേഷ്യം സഹിക്കവയ്യാതെ അന്തര്‍ജനം മുത്തപ്പനോട് ദേഷ്യപ്പെടുകയും തുടര്‍ന്ന് മുത്തപ്പന്‍ തൻ്റെ വിശ്വരൂപം അമ്മയ്ക്ക് മുന്നില്‍ കാണിച്ചു കൊടുകുക്കയും ചെയ്തു എന്നാണ് ഐതീഹ്യം.
advertisement
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയാത്ത പ്രത്യേകതയില്‍ ക്ഷേത്ര പരിസരത്ത് നായകള്‍ സ്ഥിരം സാന്നിധ്യമാണ്. നായ വാഹനമായിട്ടുള്ള ഭൈരവ മൂര്‍ത്തികൂടിയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന വിശ്വാസത്തില്‍ മുത്തപ്പനെ എല്ലായ്‌പ്പോഴും നായ അനുഗമിക്കുമത്രെ. അതിനാല്‍ തന്നെ ഇവിടെ നായകളെ ആരും വിലക്കില്ല. പകരം പരിപാലിക്കും. ചുട്ട ഉണക്കമീനും കള്ളുമാണ് പ്രധാന നിവേദ്യമെന്നതും മറ്റൊരു പ്രത്യേകതയാണ്. മടപ്പുരയില്‍ നിന്നും മുത്തപ്പൻ്റെ പ്രസാദമായി പയര്‍, തേങ്ങാപ്പൂള്‍, ചായ എന്നിവയാണ് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്.
ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വെച്ച് ശിവനെയും മത്സ്യത്തിൻ്റെ രൂപത്തിലുള്ള കിരീടം വെച്ച് മഹാവിഷ്ണുവിനെയുമാണ് മുത്തപ്പന്‍ പ്രതിനധാനം ചെയ്യുന്നത്. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍. എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടുമാണ് ഇവിടെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടുന്നത്. എല്ലാ വര്‍ഷവും തുലാം ഒന്നു മുതല്‍ വൃശ്ചികം 15 വരെ, ക്ഷേത്രത്തിലെ നിറ ദിവസം, മടപ്പുര കുടുംബത്തില്‍ മരണം നടക്കുന്ന ദിവസം, കാര്‍ത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങല്‍ എന്നീ ദിനങ്ങളില്‍ ഇവിടെ തിരുവപ്പന മഹോത്സവം നടക്കാറില്ല. ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ ആറിന് കലശാട്ടത്തോടുകൂടി അവസാനിക്കും. മുത്തപ്പൻ്റെ ശക്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ഭക്തര്‍ ഈ സന്നിധിയിലെത്താത്ത ദിവസങ്ങളില്ല.