സെമിയില്‍ പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് സ്ട്രക്ച്ചറില്‍ മടങ്ങേണ്ടി വന്ന സല്‍മാന്‍ ഫൈനലില്‍ കളിക്കുമോ എന്ന ആശങ്കയിലായിരുന്നു ജന്മനാടായ കണ്ണൂരും. ക്വാര്‍ട്ടറിലും സെമിയിലും കിടിലന്‍ ബാറ്റിങ് പ്രകടനമായിരുന്ന സല്‍മാന്‍ ഫൈനലിലും കേരളത്തിനായി കളിച്ചാല്‍ മധ്യനിര കരുത്തുറ്റതാകുമെന്ന് ഉറപ്പ്. പ്രാര്‍ത്ഥനകള്‍ സഫലമാക്കി സല്‍മാന്‍ ഫൈനലില്‍ മത്സരിച്ചതും നാടിൻ്റെ അഭിമാനമുഹൂര്‍ത്തമായി. ഫൈനലിലെത്തിയ കേരളത്തിന് റണ്ണറപ്പായി മടങ്ങേണ്ടി വന്നെങ്കിലും കേരളക്കര ഏറെ നാള്‍ കാത്തിരുന്ന ഫൈനലെന്ന സ്വപനമാണ് അവിടെ യാഥാര്‍ത്ഥ്യമായത്. പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്ന കണ്ണൂരിൻ്റെ പെരുമ വാനോളം ഉയര്‍ത്തിയ സല്‍മാനെ ആഹ്ലാദത്തോടെയാണ് ജന്മാനാട് വരവേറ്റത്.
advertisement
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ താരത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച് വരവേറ്റു. പ്രസിഡൻ്റ് എ സി എം ഫിജാസ് അഹമ്മദ്, ഭാരവാഹികളായ എ കെ സക്കരിയ, പി ബാബുരാജ്, ഇന്ത്യ എ ടീം ഫില്‍ഡിങ് പരിശീലകന്‍ ഒ വി മസര്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് സല്‍മാന്‍ നിസാറിനെ സ്വീകരിച്ചത്. രഞ്ജി ട്രോഫി നേടാന്‍ സാധിച്ചില്ലെങ്കിലും ചരിത്രമുഹുര്‍ത്തത്തില്‍ ടീം അംഗമാകാന്‍ സാധിച്ചതില്‍ വളരേയെറെ സന്തോഷമെന്ന് സല്‍മാന്‍ നിസാര്‍ പറയുന്നു.