200 വര്‍ഷം പിന്നിട്ട തലശ്ശേരി ക്രിക്കറ്റ് മൈതാനം അതിൻ്റെ പിറന്നാള്‍ ആഘോഷിച്ചത് ഇന്ത്യയിലെയും ശ്രീലങ്കയിലേയും പഴയ കളിക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് പ്രദര്‍ശന മത്സരം നടത്തിക്കൊണ്ടായിരുന്നു. ഒരു കായിക സംസ്‌കാരം വളര്‍ന്നുവന്നതിന് പിന്നില്‍ അറിയപ്പെടാത്ത പലരുടേയും വിയര്‍പ്പും ജീവനും കൂടിയുണ്ടെന്നപോലെ 222 വര്‍ഷം പഴക്കമുള്ള കേരളത്തിലെ ഈ സ്റ്റേഡിയത്തിനും പങ്കുണ്ട്. ചരിത്രം ഉറങ്ങുന്ന സ്റ്റേഡിയം ഇന്ന് അറിയപ്പെടുന്നത് വി ആര്‍ കൃഷ്ണയ്യരുടെ പേരിലാണ്.
advertisement
തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് റോഡില്‍ മൊത്തം 6.2 ഏക്കര്‍ വിസ്തൃതിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സ്റ്റേഡിയത്തില്‍ കാര്യമായ മത്സരങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ നവീകരണത്തിന് പിന്നാലെ 2022 ല്‍ അന്നത്തെ കായിക മന്ത്രി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതോടെ മൈതാനം പൂര്‍ണ്ണ സജീവമായി. കിഫ്ബി ധനസഹായത്തോടെ 13 കോടി രൂപയിലാണ് സ്റ്റേഡിയത്തിൻ്റെ നവീകരണം നടന്നത്. 400 മീറ്ററിൻ്റെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് എട്ട് ലൈനോട് കൂടിയതാണ്. ഇതിന് പുറകെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും ഫുഡ്ബോള്‍ കോര്‍ട്ടും എല്ലാം ഒരുക്കിയിട്ടുണ്ട്. ഗാലറിയുടെ കപ്പാസറ്റി 8000 ആണ്. കായിക താരങ്ങള്‍ക്ക് വസ്ത്രം മാറുന്നതിനായി 4 മുറികളുണ്ട്. ഇതല്ലാതെ കളിക്കാര്‍ക്കായി പ്രത്യേകം മുറികള്‍ വേറേയും. പാര്‍ട്ടി ഹോളും മീറ്റിങ് ഹോളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിഐപി ലോഞ്ചും മീഡിയ റൂമും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് ചുമതല ഇന്ന് സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്. എന്നാല്‍ 2025 ഏപ്രില്‍ ആദ്യവാരത്തോടെ സ്റ്റേഡിയം നടത്തിപ്പ് ചുമതല തലശ്ശേരി നഗരസഭയ്ക്ക് കൈമാറും. കാലം മാറുന്നതിനനുസരിച്ച് കളിക്കളവും കളിക്കളത്തിലെ രീതിയും മാറുമെങ്കിലും കടന്നു വന്ന വഴികള്‍ എന്നും വാഴ്ത്തപ്പെടും.