ഫ്രഞ്ചുകാർ നിര്‍മിച്ച പാണ്ടികശാല കച്ചവടത്തില്‍ തുടങ്ങി പിന്നീട് സൈനിക ആവശ്യങ്ങള്‍ക്കായി മാറിയ തലശ്ശേരി കോട്ട സ്വാതന്ത്ര്യാനന്തരം വിവിധ സര്‍ക്കാര്‍ ഓഫീസുകളായും ഉപയോഗിച്ചെന്നും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ചതുരാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള കോട്ടക്ക് രണ്ടു കൊത്തളങ്ങളും അതിമനോഹരമായ കവാടവും അതിനോട് ചേര്‍ന്ന് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളുമുണ്ട്. അറബിക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടില്‍ നിര്‍മിച്ചിട്ടുള്ള ഈ കോട്ടയെ കേന്ദ്രീകരിച്ചാണ് തലശേരി നഗരം വളര്‍ന്നതും വികസിച്ചതും ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്നതും. രണ്ടു പതിറ്റാണ്ടായി കേന്ദ്ര പുരാവസ്തു വകുപ്പ് കൈവശം വെച്ചിരിക്കുന്ന തലശേരി കോട്ടയുടെ രഹസ്യം ഇന്നും മൂടപ്പെട്ടിരിക്കുന്നു. ചരിത്രം ഉറങ്ങുന്ന ഈ കോട്ടയില്‍ രഹസ്യ അറകളിലെ നിഗൂഢത ഇന്നും ഇരുട്ടില്‍ കിടക്കുകയാണ്.
advertisement
തലശ്ശേരി കോട്ട
1708 ലാണ് പാണ്ടിക ശാല പണിതതെങ്കിലും ഈ കാണുന്ന രീതിയില്‍ കോട്ട പൂര്‍ത്തിയായത് വിവിധ ഘട്ടങ്ങളിലായി വിപുലീകരിച്ചാണ്. കൊടുവള്ളി പുഴ മുതല്‍ തലശേരി നഗരത്തിലെ പഴയ പൊലീസ് സ്റ്റേഷന്‍ വരെ കോട്ടയുടെ ഭാഗമായിരുന്നു. കോട്ടയുടെ നിര്‍മ്മാണത്തിന് വേണ്ടി ഒരു പുരയിടവും ചാലിയതെരുവും ഇംഗ്ലീഷുകാര്‍ വിലക്കു വാങ്ങിയതായി പഴയ രേഖകളില്‍ പറയുന്നു. കോട്ടയം, കോലത്തിരി, രാജാക്കന്‍മാരുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്നും കുരുമുളക് സംഭരിക്കാനുള്ള കേന്ദ്രമായാണ് കോട്ട ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. കാലക്രമത്തില്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഒട്ടേറെ പടനീക്കങ്ങള്‍ക്കും ഈ കോട്ട സാക്ഷ്യം വഹിച്ചു. വാണിജ്യ കുത്തക നിലനിര്‍ത്താന്‍ കോട്ടയില്‍ പടക്കോപ്പുകള്‍ കരുതി വച്ചിരുന്നു. ഇക്കഴിഞ്ഞ കാലത്തിനിടെ പടക്കോപ്പുകളുടെ സാമഗ്രികള്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
തലശ്ശേരി കോട്ട 1792 വരെ ബ്രിട്ടീഷുകാരുടെ മുഖ്യ വ്യാപാര കേന്ദ്രമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തിന് കീഴിലായിരുന്നു തലശേരി കോട്ട. മൂന്ന് കെട്ടിടങ്ങളിലായി ഇംഗ്ലീഷ്-കേരളീയ ഗോത്തിക് ശൈലിയിലാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ വിശാലമായ ഹാളുകളാണ് കോട്ടയുടെ പ്രത്യേകത. വലിയ ജനാലകളും വാതിലുകളുമുണ്ട്. തുരങ്കങ്ങളിലേക്ക് ഇറങ്ങുന്ന പടികള്‍ കോട്ടയിലെ അത്ഭുമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് അന്നത്തെ സബ് കലക്ടര്‍മാര്‍ താമസിക്കുന്ന ബംഗ്ലാവില്‍ നിന്ന് ഈ തുരങ്കം വഴിയാണ് കോട്ടയിലേക്ക് പ്രവേശിച്ചിരുന്നത്. അറബിക്കടലിൻ്റെ ഇരമ്പലും കടല്‍ക്കാറ്റും ആസ്വദിക്കാന്‍ ഉന്നത ഇംഗ്ലീഷ് ഉദ്യാഗസ്ഥര്‍ കോട്ടമതിലിനോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങളിലേക്ക് എത്തിയിരുന്നു. എന്നാല്‍ തുരങ്കത്തിലേക്ക് ഇറങ്ങാന് ഇന്ന് അനുവാദമില്ല. പടികള്‍ ഇറങ്ങി ചെന്നാല്‍ പൂട്ടിയ വാതില്‍ കണ്ട് തിരിച്ചുവരേണ്ടിവരും. അറബിക്കടലിനെ സ്വാഗതം ചെയ്ത് വിളക്കുമാടവും കോട്ടയില്‍ നില്‍പ്പുണ്ട്. മൈസൂര്‍ രാജാവ് ഹൈദരലി കോട്ട പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയം ഏറ്റു മടങ്ങി.
ധീര പടയോട്ടങ്ങളുടെ ശ്രദ്ധാകേന്ദ്രമായി അടയാളപ്പെടുത്തിയ കോട്ട ഫ്രഞ്ചും ഇംഗ്ലിഷും സംസാരിച്ച അപൂര്‍വ്വം കോട്ടയാണ്. പുരാവസ്തു വകുപ്പിന് കീഴില്‍ പ്രൗഢഗംഭീരമായി കോട്ട തല ഉയര്‍ത്തിനില്‍ക്കുന്നു. അതേ സമയം കേരളീയര്‍ക്ക് സ്വാതന്ത്രം ഇല്ലാത്ത കാലത്തിൻ്റെയും ബ്രിട്ടീഷ് സാമ്രാജ്യം നമുക്കു മേല്‍ അധീപത്യം അടിച്ചേല്‍പിച്ച ഇരുണ്ട കാലത്തിൻ്റെയും ജീവിക്കുന്ന സ്മാരകമാണ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് കോട്ടയിലെ സന്ദര്‍ശക സമയം. കൊത്തുപണികള്‍ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും ഒക്കെയായി ചരിത്രത്തിൻ്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചതുരാകൃതിയിലുള്ള ഈ കോട്ട.