തെയ്യകോലങ്ങള്‍ക്കും മഹോത്സവങ്ങള്‍ക്കും ഒരു സമയമുണ്ട്. കെട്ടിയാട്ടങ്ങള്‍ക്ക് ശേഷം വേശം അഴിച്ചുവച്ച് പച്ചയായ മനുഷ്യരാകുന്ന സമയം. അപ്പോഴത്തെ തെയ്യക്കലാകാരന്മാരുടെ ജീവിതം ആര്‍ക്കും അറിയേണ്ടതില്ല. തുടര്‍ന്നിങ്ങോട്ടുള്ള സാമ്പത്തിക പ്രശ്‌നത്തിൻ്റെയും തൊഴിലില്ലായ്മയുടെയും ആകുലതയിലാണ് പിന്നീടുള്ള അവരുടെ നാളുകള്‍.
തെയ്യം കലാകാരന്മാര്‍ക്ക് പ്രചോദനമെന്നോണം തെയ്യം കലയുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന തെയ്യം കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തെയ്യം കലാകാരസംഗമവും ആദരച്ചടങ്ങും സംഘടിപ്പിച്ചു. മാഹി മലയാള കലാഗ്രാമത്തിൽ നടന്ന പരിപാടി സംഗമം കീച്ചേരി രാഘവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കലാകാരന്മാരുടെ ആദരസമ്മേളനം നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
advertisement
തെയ്യം കലയുടെ പ്രാധാന്യവും, കലാകാരന്മാരുടെ സംഭാവനകളും സാംസ്‌കാരിക കേരളത്തിന് വിലമതിക്കാനാവാത്തതാണ്. തെയ്യം കലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും, പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനും പദ്ധതികള്‍ കൂടുതല്‍ മികവുറ്റതാക്കേണ്ടതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നാല് സെഷനുകളായാണ് തെയ്യം കലാകാരസംഗമം നടന്നത്. തുടര്‍ന്ന് തെയ്യം കലയുമായി ബന്ധപ്പെട്ട പെയിൻ്റിങ് പ്രദര്‍ശനവും കലാഗ്രാമം ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരുന്നു.