മുന്‍കാലങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ ചികിത്സ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചാല്‍ മൂന്നിലൊന്ന് കാന്‍സറുകളും ഭേദമാക്കാന്‍ സാധിക്കുമെന്നാണ് കണക്ക്. 2025നും 2027നും കാന്‍സര്‍ ബാധിച്ചവര്‍, അതിജീവിച്ചവര്‍, ചികിത്സ തുടരുന്നവര്‍ എന്നിവരുടെ വ്യക്തിഗത അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്ന് വര്‍ഷത്തെ പ്രചാരണ പദ്ധതിയുടെ ഭാഗമാണ് ഈ വര്‍ഷത്തെ പ്രമേയം. കാന്‍സര്‍ പരിചരണത്തില്‍ സഹാനുഭൂതി, അനുകമ്പ, വൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
advertisement
ജീവിതശൈലിയിലെ മാറ്റങ്ങളും അമിതവണ്ണവും വ്യായാമില്ലായ്മയുമെല്ലാം അര്‍ബുദനിരക്ക് ഉയര്‍ത്തുന്നു. അര്‍ബുദത്തെ നേരിടാന്‍ രോഗിയെ ശക്തിപ്പെടുത്താന്‍ സമൂഹത്തിൻ്റെ കരുതല്‍ ഏറെ ആവശ്യമാണ്. ഒറ്റയ്ക്കും കൂട്ടായുമുള്ള പരിശ്രമങ്ങളിലൂടെ അര്‍ബുദരോഗത്തിനെതിരായ യുദ്ധത്തില്‍ നമുക്കും അണി ചേരാം എന്ന ആശയത്തോടെ മലബാര്‍ കാന്‍സര്‍ സെൻ്ററിൻ്റെയും കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്ലാസും റാലിയും പുള്‍-അപ് ചലഞ്ചും സംഘടിപിച്ചു. വി ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി ജില്ലാ & സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് ബോധവല്‍കരണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജന്‍കിഷ് നാരായണന്‍, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉബൈദുള്ള സി, എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യം പ്രസിഡൻ്റ് മേജര്‍ പി ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ സി സി സി വൈസ് പ്രസിഡൻ്റ് സുരേഷ് പി കെ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് നിസാര്‍ പടിപ്പുരക്കല്‍ നന്ദിയും പറഞ്ഞു. പ്രഭാത വ്യായാമത്തിനും സവാരിക്കുമായി എത്തുന്ന നൂറു കണക്കിന് പേരും പങ്കെടുത്തു. ആരോഗ്യം ആനന്ദം എന്ന കേരള സര്‍ക്കാരിൻ്റെ കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിൻ്റെ ഭാഗമായി ബോധവല്‍കരണ ക്ലാസ്സിന് മലബാര്‍ കാന്‍സര്‍ സെൻ്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി.