പ്രായം ശരീരത്തെ തളര്‍ത്തുമ്പോള്‍ ഒരു മുറിക്കുള്ളില്‍ ഒതുങ്ങികൂടി, ഇനിയുള്ള കാലം ഇതാണ് തൻ്റെ ലോകം എന്ന മിഥ്യാധാരണയിലാണ് വയോധികരില്‍ ഭൂരിഭാഗവും. തൻ്റേതായ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ആരോടും പങ്കുവയ്ക്കാതെ അഭിപ്രായങ്ങള്‍ പറയാതെ ബാക്കിയുള്ള കാലം ജീവിച്ചു തീര്‍ത്താല്‍ മതിയെന്നും കരുതുന്നുവര്‍. എന്നാല്‍ അത്തരത്തിലുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തിൻ്റെയും കൂടിചേരലിൻ്റെയും ലോകം തുറന്നു നല്‍കുകയാണ് പിണറായി വെസ്റ്റിലെ മാധവന്‍ സ്മാരക വായനശാലയും വയോജന വേദിയും. ഓരോ ദിനവും എത്ര മനോഹരമാക്കാനാകും എന്ന ചിന്തയിലാണ് ഇവരുടെ പ്രവര്‍ത്തനം. യശോദാമ്മയെ പോലെ 80 ലും യുവത്വം ആഘോഷിക്കുന്നവര്‍. ഓരോ ഒത്തുചേരലിലും ശുഭപ്രതീക്ഷയിലാണ് ഈ വയോജനങ്ങള്‍.
advertisement
പുതുവത്സരത്തിൻ്റെ സായന്തനത്തില്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ വെച്ചാണ് പുതുവത്സരാഘോഷവും പിറന്നാളാഘോഷവും സംഘടിപ്പിച്ചത്. ബീച്ചില്‍ നടന്ന ആഘോഷത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് സവിത, തലശ്ശേരി കോസ്റ്റല്‍ പോലീസ് സി ഐ ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജീവിതത്തില്‍ ആദ്യമായി പിറന്നാളാഘോഷിച്ച യശോദയെപ്പോലെ ആദ്യമായി പുതുവത്സരാഘോഷം നടത്തിയവരായിരുന്നു പങ്കെടുത്ത വയോജനങ്ങളെല്ലാം. ആഘോഷങ്ങളോടൊപ്പം മുഴപ്പിലങ്ങാട് ബീച്ചിലെ കാഴ്ച്ചകളില്‍ ആടി പാടിയ വയോജനങ്ങള്‍ അതു വരെ തങ്ങള്‍ക്കുണ്ടായ വിശമതകളെല്ലാം കടലിലെ തിരമാലയില്‍ ഒഴുക്കിവിട്ടു.