പരീക്ഷാത്തീയതിക്ക് പുറമേ എഞ്ചിനീയറിങ്/ ആർക്കിടെക്ചർ/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; ക്ലാസുകൾ ഓൺലൈനിൽ
സംസ്ഥാനത്ത് പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ക്ലാസുകൾ ഓൺലൈൻ വഴി തന്നെയായിരിക്കും. പ്രവേശനോത്സവവും ഓൺലൈൻ തന്നെ വഴിയാകും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനിലും ക്ലാസുകൾ വീക്ഷിക്കാൻ സംവിധാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. നിലവിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് ആരംഭിക്കുന്നത്. പ്ലസ് വൺ ക്ലാസുകളും പരീക്ഷയും ഇതുവരെ പൂർത്തിയാകാത്തതിനാൽ പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനം വൈകിയേക്കും.
advertisement
Also Read- 'കോവിഡ് വായുവിലൂടെ പകരും'; മാർഗനിർദേശം പുതുക്കി കേന്ദ്രം
കോളജുകളിലും ജൂൺ ഒന്നിന് തന്നെയാകും ക്ലാസുകൾ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ നടന്ന വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. അവസാന വർഷ ബിരുദ- ബിരുദാനന്തര പരീക്ഷകൾ ജൂൺ 15 മുതൽ ഷെഡ്യൂൾ ചെയ്ത് ജൂലൈ 31 നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രിയുടെ നിർദേശമുണ്ട്.
ഒമ്പതാം തരം വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം
സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിർദേശം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളേയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നൽകണമെന്നാണ് നിർദേശത്തിൽ പറയുന്നത്. നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച് ഒമ്പതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകാനുമാണ് നിർദേശം.
ഒരുവർഷക്കാലം വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ അവലോകനം നടത്തണം. ഇതിനായി പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷൻ നൽകുന്ന കുട്ടികളെ ക്ലാസ് ടീച്ചർമാർ ഫോൺവഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.
ക്ലാസ് ടീച്ചർമാർ നൽകുന്ന റിപ്പോർട്ടുകൾ പ്രഥമാധ്യാപകർ അതത് വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകണം. വിദ്യാഭ്യാസ ഓഫീസർമാർ ക്രോഡീകരിച്ച റിപ്പോർട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനാണ് നിർദേശം.