ഹൈക്കോടതി ഉത്തരവ് വലിയ തിരിച്ചടിയല്ലെന്ന പ്രാഥമിക വിലയിരുത്തലിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തെപ്പറ്റി സർക്കാർ പുനരാലോചിക്കുന്നത്. സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിച്ച ഹൈക്കോടതി നടപടിയെ സംസ്ഥാന സർക്കാർ നിലവിലെ സാഹചര്യത്തിൽ എതിർക്കുന്നില്ല.
സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് നേരിടുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. വലത് സംഘടനകൾ വിധി നടപ്പാക്കുന്നത് തടയാൻ നടത്തുന്ന പ്രതിഷേധങ്ങളും അറിയിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയശേഷം സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഫയൽ ചെയ്യുന്ന അപേക്ഷയുടെ കരട് തയാറാക്കിയിരുന്നു.
advertisement
നാൽപ്പതിൽ അധികം പേജുള്ള അപേക്ഷയിൽ കൃത്യ നിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ചില വ്യക്തികളും സംഘടനകളും വ്യക്തിപരമായി അധിഷേപിക്കുന്നതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും നിയന്ത്രണങ്ങളെയും ആവർത്തിച്ചു വിമർശിക്കുന്നതും ചൂണ്ടിക്കാട്ടി. അപേക്ഷ ചീഫ് സെക്രട്ടറി ഇന്ന് ഫയൽ ചെയ്യാനും തീരുമാനിച്ചിരുന്നു. വിധിയുടെ പൂർണ്ണ രൂപം ലഭിച്ച് നിയമോപദേശം തേടിയ ശേഷം മാത്രമേ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കൂ.
