'മുഖ്യമന്ത്രിയുടെ ആരോഗ്യ'ത്തെചൊല്ലി സഭയിൽ വാഗ്വാദം
Last Updated:
തിരുവനന്തപുരം: ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധം. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികൾക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് തിരിച്ചടിച്ചായിരുന്നു ചെന്നിത്തല ഇതിനെ നേരിട്ടത്.
കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം ഒരുമിച്ച് മറുപടി പറഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത്. ചോദ്യങ്ങൾ ഒരുമിച്ച് ചേർത്തത് ശരിയായില്ലെന്നും പ്രതിപക്ഷം ആക്ഷേപമുയർത്തി. മുഖ്യമന്ത്രി നീണ്ട നേരത്തേക്ക് സംസാരിച്ചതോടെ മറ്റ് അംഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും രമേശ് ചെന്നിത്തല ആരോപണമുയത്തി. എന്നാൽ നാല് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഒരുമിച്ച് മറുപടി പറയുമെന്ന് അറിയിച്ചപ്പോൾ പ്രതിപക്ഷം എതിർത്തില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ എം.എൽ.എമാർ കൂടി രംഗത്തെത്തിയതോടെ സഭ ബഹളത്തിൽ മുങ്ങി. ഇരുപക്ഷത്തെയും സ്പീക്കർ അനുനയിപ്പിച്ച് ഇരിപ്പിടങ്ങളിലേക്ക് അയച്ചെങ്കിലും മുഖ്യമന്ത്രി വീണ്ടും സംസാരിക്കാൻ എഴുന്നേറ്റതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി.
advertisement
അതേസമയം, പ്രളയത്തിൽ അസാമാന്യ കേരളം കാണിച്ച അസാമാന്യ സാമുദായിക ഐക്യം പരമാവധി തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തി അംഗങ്ങളുടെ അവകാശങ്ങൾ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രളയക്കെടുതിയിൽ കേന്ദ്രസർക്കാർ നൽകിയത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കൂടുതൽ സഹായം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2018 11:33 AM IST


