അവധി ദിനത്തിലെ ഓഫീസ് പ്രവര്‍ത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂര്‍ മയ്യില്‍ പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചു. 90 ഫയലുകളാണ് ഇന്ന് രാവിലെ മയ്യില്‍ പഞ്ചായത്തില്‍ പെന്‍ഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് മന്ത്രി അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീര്‍പ്പാക്കിയിരുന്നു. പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണി ആകുമ്പോള്‍ തന്നെ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കി. ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍ മാറി.
advertisement
പഞ്ചായത്ത് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ 55%ത്തിലധികമാണ് പഞ്ചായത്ത് ജീവനക്കാരുടെ ഹാജര്‍. കൊല്ലത്ത് 80% ജീവനക്കാര്‍ ഹാജരായി. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ 90% ജീവനക്കാര്‍ ജോലിക്കെത്തി. നഗരസഭാ ഓഫീസുകളില്‍ 55.1% ജീവനക്കാരാണ് ജോലിക്കെത്തിയത്. സെപ്റ്റംബര്‍ 30നകം ഫയല്‍ തീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാസത്തില്‍ ഒരു അവധി ദിനത്തില്‍ പ്രവര്‍ത്തി ചെയ്യാന്‍ ജീവനക്കാര്‍ സന്നദ്ധരായത്.
വിവിധ സര്‍വ്വീസ് സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ വിജയിപ്പിക്കുന്നതിന് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അവധി ദിനത്തില്‍ ജോലിക്കെത്തിയ മുഴുവന്‍ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫയലുകള്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി തുടരുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
