മാർച്ച് 31ന് വിരമിക്കാൻ ഇരിക്കെ സിസാ തോമസിനെതിരെ സംസ്ഥാന സർക്കാർ നിലപാട് കടുപ്പിക്കുകയാണ് .സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല ഏറ്റെടുത്ത നടപടി കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നോട്ടീസ്.15 ദിവസത്തിനകം സർക്കാരിനെ രേഖാ മൂലം മറുപടി ബോധിപ്പിച്ചില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
സിസാ തോമസ് സാങ്കേതിക സർവകലാശാലയുടെ ചുമതല ഏറ്റെടുത്ത് 5 മാസം പിന്നിട്ട ശേഷമാണ് ഇപ്പോൾ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഈ നീക്കം ഗവർണറുമായുള്ള പോര് രൂക്ഷമാക്കും.സാങ്കേതിക സർവകലാശാല വി സി ഡോ: സിസാ തോമസിനെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
Also Read- സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി
എന്നാൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി സിസാ തോമസിനെ നിയമിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസ് കൈപ്പറ്റി എന്നും സമയബന്ധിതമായി തന്നെ മറുപടി നൽകുമെന്നും സിസാ തോമസും പ്രതികരിച്ചു.
തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെല്ലാം വിസി നിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും കാണാൻ ശ്രമിച്ചു. മന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് അന്ന് കാണാൻ കഴിയാതെ പോയത്. വകുപ്പ് സെക്രട്ടറി കാണാൻ കൂട്ടാക്കിയില്ലെന്നും സിസാ തോമസ് പറഞ്ഞു.
