വീണ്ടും ഒരു ഭരണം കൂടി വന്നാൽ അവസരവാദികളായ ധാരാളം ആളുകൾ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി പാർട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. അത്തരം ഒരു സന്ദർഭത്തിൽ സ്വാഭാവികമായും പാർട്ടിയുടെ അടിസ്ഥാന സ്വഭാവം ഇല്ലാതാകുകയും ചെയ്യും. അത് ജനങ്ങളിൽ നിന്ന് കൂടുതൽ അകലുകയും ചെയ്യുമെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്.
ഏത് പാർട്ടിയായാലും തുടർച്ചയായുള്ള ഭരണത്തിന്റെ ഏറ്റവും വലിയ കുഴപ്പം, അത് കൂടുതൽ അഴിമതിയിലേക്ക് നയിക്കാം. അധികാര കേന്ദ്രീകരണത്തിലേക്ക് നയിച്ചേക്കാം. ഞങ്ങൾ അജയ്യരാണ് എന്ന തോന്നലിലേക്ക് നയിച്ചേക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങൾക്ക് മുന്നിൽ ഉണ്ടാകേണ്ട വിനയമുണ്ട്. അത് ഇല്ലാതാകുന്ന രീതിയിലേക്ക് നയിച്ചേക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
advertisement
ഇത്തരം ഒരു തകർച്ച ഇടതുപക്ഷത്തിന് ഉണ്ടാകാതിരിക്കണമെങ്കിൽ പ്രതിപക്ഷത്തിരുന്നുള്ള സജീവമായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അർഥവത്താക്കുന്നത് കരുത്തുറ്റ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള വഴിയാണെന്നും സച്ചിദാനന്ദൻ പറയുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും, വീണ്ടും ഒരു ഭരണം കൂടി ലഭിച്ചാൽ അങ്ങനെയൊരു പതനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരുന്നത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഇല്ലാതാക്കാനും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
