ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫിനെയും കെ സി വേണുഗോപാലിനെയും സംബന്ധിച്ച ഏറ്റവും പ്രധാന ചോദ്യം യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവുമോ എന്നതാണ്. മുഖ്യമന്ത്രിയാവുമെന്നോ ഇല്ലന്നോ ആരും പറഞ്ഞിട്ടില്ലെങ്കിലും ആവാനും ആവാതിരിക്കാനും തുല്യ സാധ്യതയുണ്ട്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും കേരളത്തിൽ യു ഡി എഫ് ജയം ഉറപ്പാക്കേണ്ടത് കെ സി വേണുഗോപാൽ എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവിക്ക് കൂടി അനിവാര്യമാണ്. തോറ്റാൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നയാൾ കേരളത്തിലെ കോൺഗ്രസിൽ അനൗദ്യോഗികമായി അവസാന വാക്കായി നിൽക്കുന്ന കെ സി വേണുഗോപാൽ ആവും.
advertisement
അസാധാരണ നേതൃ മികവോടെ ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനം ഉറപ്പിച്ച നേതാവാണ് കെ സി വേണുഗോപാൽ. നിലവിൽ കേരളത്തിൽ നിന്നുളള ഏറ്റവും കരുത്തനായ ദേശീയ നേതാവ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളു. അത് കെ സി വേണുഗോപാൽ ആണ്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ കോൺഗ്രസിൽ രണ്ടാമൻ കെ സിയാണ്. കുടുംബ പാരമ്പര്യ തഴമ്പിലോ അവിടേക്ക് പിടിച്ചിരുത്താൻ ഗോഡ് ഫാദർമാരോ ഉണ്ടായിരുന്നില്ല. താഴേ തട്ടിൽ പ്രവർത്തിച്ച് മത്സരിക്കുന്ന സ്ഥലങ്ങളിലൊക്കെയും വിജയം ഉറപ്പാക്കാനുളള സ്വന്തം കഴിവിനാൽ കടന്നിരുന്നതാണ് ആ സ്ഥാനത്ത്. കേരളത്തെ സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് എന്നാൽ പ്രായോഗിക അർത്ഥത്തിൽ അത് കെ സി വേണുഗോപാലാണ്.
കഴിഞ്ഞ തവണ യു ഡി എഫ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഘട്ടത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ കെ സിയുടെ ഇടപെടൽ നിർണായകമായിരുന്നു. അന്നു വരെയുളള രാഷ്ട്രീയ ചരിത്രം നോക്കിയാൽ വി ഡി സതീശനേക്കാൾ കെ സിക്ക് താൽപ്പര്യവും അടുപ്പവും രമേശ് ചെന്നിത്തലയോടായിരുന്നു. പക്ഷേ കേരളത്തിൽ പാർട്ടി തിരിച്ചു വരവിന് നേതൃ മാറ്റം അനിവാര്യമാണെന്ന ഹൈക്കമാൻഡ് താൽപ്പര്യം കൂടി തിരിച്ചറിഞ്ഞ് അതുവരെ വ്യക്തിപരമായി പല കാരണങ്ങളാൽ അകന്നു നിന്നിരുന്ന വി ഡി സതീശനെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് എത്തിക്കാൻ കെ സി മുൻകൈയെടുത്തു.
കേരളത്തിലെ കോൺഗ്രസ് പ്രകടനം മെച്ചപ്പെട്ടാലും മോശമായാലും അതിന്റെ ഉത്തരവാദിത്വം സ്വാഭാവികമായും വന്നു ചേരുന്ന കെ സി വേണുഗോപാൽ എന്ന നേതാവിന്റെ മുന്നിലെ സാധ്യതങ്ങൾ പരിശോധിക്കാം.,
സാധ്യത 1- യു ഡി എഫ് ജയം: മുഖ്യമന്ത്രിയെ ചൊല്ലി തർക്കം.
ഹൈക്കമാൻഡ് താൽപ്പര്യവും എം എൽ എമാരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായവും നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നതാണ് കോൺഗ്രസ് ശൈലി. മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് ജയത്തിന്റെ ശോഭ കെടുത്തും വിധം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തർക്കവും ഈ പാർട്ടിയിലെ പതിവാണ്. കേരളത്തിലും യു ഡി എഫ് ജയിച്ചാൽ അതിനുളള സാധ്യത തളളാനാവില്ല. അത്തരം ഒരു സാഹചര്യം വന്നാൽ അവിടെ കെ സി വേണുഗോപാൽ എന്ന എ ഐ സി സി ജനറൽ സെക്രട്ടറി സ്വീകരിക്കുന്ന നിലപാടാവും നിർണായകമാവുക. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ വലം കൈയായി നിന്ന് പാർട്ടിയെ നയിക്കുന്ന കെ സിയെ കേരള മുഖ്യമന്ത്രിയായി വിടണോ 2029 ൽ കേന്ദ്ര ഭരണം ലക്ഷ്യമിടുന്ന നീക്കങ്ങളിൽ ഒപ്പം കൂട്ടണോ എന്നത് തീരുമാനിക്കുക രാഹുൽ ഗാന്ധിയാവും. ഫലത്തിൽ കെ സി വേണുഗോപാലിന് മുഖ്യമന്ത്രിയാവാൻ ആഗ്രഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ രാഹുൽ ഗാന്ധിയുടെ തീരുമാനമാകും നിർണായകമാവുക.
സാധ്യത 2- യു ഡി എഫ് ജയം. കെ സി വേണുഗോപാൽ മുഖ്യമന്ത്രി
രാഹുൽ ഗാന്ധി അനുമതി നൽകിയാൽ കെ സി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാവും. നിലവിലെ കോൺഗ്രസ് സ്ഥാനാർഥികളെ തരംതിരിച്ചാൽ വി ഡി സതീശനെ അനുകൂലിക്കുന്നവർ, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ, പഴയ എ ഗ്രൂപ്പ് പ്രതിനിധികൾ. കെ സി വേണുഗോപാലിനോട് ചേർന്ന് നിൽക്കുന്നവർ എന്നിങ്ങനെ നാലായി തിരിക്കാം. ഇവരിലെ ഭൂരിപക്ഷമാകും മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുക. നിലവിൽ സതീശനെയും ചെന്നിത്തലയെയും അനുകൂലിക്കുന്നവരിലും എ ഗ്രൂപ്പുകാരിലും നല്ലൊരു ശതമാനവും കെ സി വേണുഗോപാലുമായി അടുപ്പം പുലർത്തുന്നവരാണ്. ഹൈക്കമാൻഡിൽ സ്വാധീനമുളള നേതാക്കളോട് ചേർന്നു നിൽക്കുക എന്ന കോൺഗ്രസ് ശൈലി വച്ച് നോക്കിയാലും മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി തുനിഞ്ഞിറങ്ങിയാൽ എം എൽ എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാൻ അനായാസം സാധിക്കും.
സാധ്യത 3- യു ഡി എഫ് ജയം. കെ സി പിന്തുണയ്ക്കുന്നയാൾ മുഖ്യമന്ത്രി
യു ഡി എഫ് ജയിക്കുകയും രാഹുൽ ഗാന്ധി അനുമതി നൽകുകയും ചെയ്താൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ശ്രമിക്കും, മറിച്ചൊരു സാധ്യത കെ സി മാറി നിന്ന് തനിക്ക് താൽപ്പര്യമുളളയാളെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുക എന്നതാണ്. മുഖ്യമന്ത്രി തീരുമാനത്തിൽ ഇടപെടാതെ മാറി നിൽക്കാനുളള സാധ്യത കുറവാണെങ്കിലും പൂർണമായും അങ്ങനെയൊരു ജെന്റിൽമാൻ ഷിപ്പിനുളള സാധ്യത തളളാനാവില്ല. മുഖ്യമന്ത്രിയെ എം എൽ എമാർ തീരുമാനിക്കട്ടെ എന്ന അവസ്ഥ വന്നാലും അവിടെയും കെ സിയുടെ താൽപ്പര്യത്തിന് മുൻതൂക്കം സ്വാഭാവികമായും ഉണ്ടാകും. കെ സിക്ക് ഒപ്പം നിൽക്കുന്ന എം എൽ എമാരെ കൂടാതെ കെ സിയുടെ താൽപ്പര്യം നോക്കി നിലപാട് മാറ്റാൻ സാധ്യതയുളള നേതാക്കൾ എല്ലാ വിഭാഗത്തിലും ഉണ്ടാകും. കെ സിയുടെ പിന്തുണ ലഭിക്കുന്നയാൾ മുഖ്യമന്ത്രിയാകും. മറ്റൊന്ന് യു ഡി എഫ് മികച്ച വിജയം നേടുകയും തന്നെ ഒഴിവാക്കാൻ കെ സി ശ്രമിക്കുകയും ചെയ്താൽ മന്ത്രിസഭയിലേക്ക് അടക്കം ഇല്ലെന്ന നിലപാടിലേക്ക് വി ഡി സതീശൻ മാറാനുളള സാധ്യത തളളാനാവില്ല. അങ്ങനെ വന്നാൽ ചിലപ്പോൾ സ്വന്തം താൽപര്യം മാറ്റിനിർത്തി സമയാവ വഴി കണ്ടെത്താൻ കെ സി നിർബന്ധിതനാകും.
സാധ്യത 4- യു ഡി എഫ് പരാജയം. പ്രതിസ്ഥാനത്ത് കെ സി വേണുഗോപാൽ
കേരളത്തിൽ യു ഡി എഫ് പരാജയപ്പെട്ടാൽ, സ്ഥാനാർഥി നിർണയം അടക്കം കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ അവസാന വാക്കായി നിന്ന കെ സി വേണുഗോപാലിനാകും അതിന്റെ പഴി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരിക. കെ സിയുടെ ഇടപെടലുകളാണ് കേരളത്തിൽ യു ഡി എഫിനെ തോൽപ്പിച്ചത് എന്ന തരത്തിലാവും വ്യാഖ്യാനങ്ങൾ വരിക. ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിനെ ഈ പരുവമാക്കിയത് കെ സിയുടെ കഴിവുകേടായി വരെ ചിത്രീകരിക്കപ്പെടും. തൽക്കാലം ദേശീയ തലത്തിൽ പിടിച്ചു നിൽക്കാൻ ആയേക്കുമെങ്കിലും സംഘടനാ ചുമതലയിൽ നിന്നടക്കം കെ സിയെ മാറ്റണമെന്ന ശക്തമായ ആവശ്യം കേരളത്തിനകത്തെയും പുറത്തെയും മുതിർന്ന നേതാക്കൾ അടക്കം ഉന്നയിക്കും. മുതിർന്ന നേതാക്കളുടെ വലിയൊരു നിര അതി കഠിനമായ പരസ്യ വിമർശനവുമായി രംഗത്ത് വരും. അത്തരമൊരു സാഹചര്യത്തെ മറികടക്കുക അത്ര എളുപ്പമാവില്ല.
