കോർപറേഷനിൽ നിന്നും അനുമതി നേടിയത് 3200 ചതുരശ്രയടി വീട് നിർമ്മാണത്തിനാണ്. എന്നാൽ ഷാജിയുടെ വീട് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടർന്ന് ഇതുവരെ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണമെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ.
advertisement
അഴീക്കോട് പ്ലസ് ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജി എംഎൽഎ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി, വീടിന്റെ മതിപ്പുവിലയും വിസ്തീർണവും പ്ലാനുമൊക്കെയാണ് ഇഡി നഗരസഭയിൽ നിന്ന് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായിട്ടാണ് വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥരെത്തി വീട് അളന്നത്. ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കേരളാ മുൻസിപ്പാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ച് നഗരസഭ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നഗരസഭയുടെ റിപ്പോർട്ട് 27-ന് ഇ.ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ ഇ.ഡി നടപടി തുടങ്ങിയത്.