ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമുണ്ടെന്ന് പ്രചരണം ശക്തമായത്. മാലിന്യക്കൂമ്പാരത്തില്‍ തുടർച്ചയായി കത്തിയതുമൂലം വായുവിൽ രാസമലിനീകരണതോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ ആസിഡ് മഴയെന്ന വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം.
advertisement
ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യ മഴ ലഭിച്ചത് ബുധനാഴ്ച വൈകീട്ടാണ്. പക്ഷെ ആദ്യമഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിക്കുന്നത്.
വരുന്ന അഞ്ചുദിവസം കൂടി ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ആസിഡിന്റെ സാന്നിധ്യം പേടിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
പരിശോധനയ്ക്കായി മഴവെള്ളവും കിണറുകളിൽ നിന്നുള്ള വെള്ളവും ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാൻ മൂന്നുദിവസമെങ്കിലും എടുക്കുമെന്ന് ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് പറഞ്ഞു.
