കൊച്ചി: ഭാവിയിൽ കൊച്ചിയിൽ കാൻസറോ ശ്വാസകോശരോഗങ്ങളോ ഉണ്ടാവുന്നതെല്ലാം ബ്രഹ്മപുരം മാലിന്യത്തിൻ്റെ അക്കൗണ്ടിൽ കയറിക്കൂടാൻ ഇടയുണ്ടെന്നും അതുകൊണ്ട് ഇപ്പോഴേ കാര്യങ്ങള്‍ പഠിച്ച് കൃത്യമായി രേഖപ്പെടുത്തണമെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ മുൻ പ്രൊഫസറും ശാസ്ത്ര രചയിതാവുമായ കെ പി അരവിന്ദൻ. ഇതാണ് എൻഡോസൾഫാന്റെ കാര്യത്തിൽ കാസർഗോഡ് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരങ്ങൾക്ക് തീ പിടിച്ച് അതിൽ നിന്ന് പുറത്തു വരുന്ന ഡയോക്സിനുകളും ഡയോക്സിൻ സമാന രാസപദാർത്ഥങ്ങളും സമീപ പ്രദേശങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴേ കൃത്യമായി പഠിച്ച് രേഖപ്പെടുത്തിയില്ലെങ്കിൽ, ഭാവിയിൽ കൊച്ചിയിൽ കാൻസറോ ശ്വാസകോശരോഗങ്ങളോ ഉണ്ടാവുന്നതെല്ലാം ബ്രഹ്മപുരം മാലിന്യത്തിൻ്റെ അക്കൗണ്ടിൽ കയറിക്കൂടാൻ ഇടയുണ്ട്. ഇതാണ് എൻഡോസൾഫാൻ്റെ കാര്യത്തിൽ കാസർഗോഡ് സംഭവിച്ചത്. ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഡയോക്സിൻ്റെ കാര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ ധാരാളം പഠിക്കപ്പെട്ടിട്ടുണ്ട്. ഈ പഠങ്ങളിൽ ഏറ്റവും ബൃഹത്തായതും അറിയപ്പെടുന്നതും 1976ൽ ഇറ്റലിയിലെ മിലാൻ നഗരത്തിനടുത്തുള്ള സെവെസോ പട്ടണത്തിൽ ഉണ്ടായ കെമിക്കൽ ഫാക്ടറി അപകടമാണ്. ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവുമധികം ഡയോക്സിനുകൾ വിശിഷ്യാ ഏറ്റവും പ്രശ്നകാരിയായ 2,3,7,8-tetrachlorodibenzo-p-dioxin (TCDD) മനുഷ്യരിൽ എത്തിച്ചേർന്നത് ഈ അപകടത്തിലൂടെയായിരുന്നു.
കഴിഞ്ഞ 47 വർഷങ്ങളായി അപകടത്തിൽ ഡയോക്സിൻ എക്സ്പോഷർ ഉണ്ടായവരെ പഠിച്ചു വരുന്നു. ഈ പഠനങ്ങൾ നടത്തിയത് പ്രശ്നപ്രദേശത്തെ മൂന്നായി തിരിച്ചു കൊണ്ടാണ്. അപകടസ്ഥലത്തിന് ഏറ്റവുമടുത്തുള്ള A അതിനു ചുറ്റുമുള്ള B അതുമപ്പുറത്തുള്ള R എന്നിങ്ങനെ. A പ്രദേശത്ത് ഡയോക്സിനിൻ്റെ മണ്ണിലെ ശരാശരി അളവ് സ്ക്വയർ മീറ്ററിൽ 50 മൈക്രോഗ്രാമിൽ അധികമായിരുന്നെങ്കിൽ, B പ്രദേശത്ത് 5 മുത 50 മൈക്രോഗ്രാം വരെയും R പ്രദേശത്ത് 5 മൈക്രോഗ്രാമിൽ താഴെയുമായിരുന്നു.
Chloracne എന്ന ത്വക്ക് രോഗം കൂടുതലായി കാണപ്പെടുന്നു എന്നതു മാത്രമാണ് തർക്കമില്ലാതെ തെളിയിക്കപ്പെട്ടിട്ടുള്ളത്. രാസബാധിതരായ അച്ഛനമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ആൺകുട്ടികളുടെ എണ്ണം കുറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. ആണുങ്ങളിൽ പുംബീജങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നതും സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങളും കൂടുതലായുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മൊത്തം കാൻസർ രോഗത്തിൻ്റെ തോതും കാൻസർ മരണങ്ങളും കൂടിയതായി കാണപ്പെട്ടില്ലെങ്കിലും ചില പ്രത്യേക കാൻസറുകൾ കൂടിയേക്കാമെന്ന സൂചനയുണ്ട്.
പൊതുവിൽ, ഈ മാറ്റങ്ങളൊക്കെ പ്രധാനമായും സോൺ A യിലാണ് ഉള്ളത്. സോൺ R ൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നു തന്നെ പറയാം.
അടിയന്തിരമായി നാം ചെയ്യേണ്ട കാര്യം ബ്രഹ്മപുരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ഡയോക്സിൻ മണ്ണിലും വെള്ളത്തിലും അവിടെയുള്ള മനുഷ്യരുടെ രക്തം, മുലപ്പാൽ എന്നിവയിലും അളക്കുക എന്നതാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അളവിൽ ഈ മാലിന്യം ഉണ്ടോ ഇല്ലയോ എന്ന് ഇതു വഴി അറിയാം. കേരളത്തിൽ തിരുവനന്തപുരത്തെ CSIR-NIIST ഈ ടെസ്റ്റ് ചെയ്യാൻ കഴിവുള്ള അംഗീകൃത സ്ഥാപനമാണ്.
Also Read- ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് വിഷമം ഉള്ളതു പോലെ: മന്ത്രി പി രാജീവ്
ഡയോക്സിൻ്റെ പ്രശ്നം അത് അന്തരീക്ഷത്തിലും മനുഷ്യ – ജന്തു ശരീരങ്ങളിലും ദീർഘനാൾ നില നിൽക്കാൻ കഴിവുള്ള persistent organic pollutant (POP) ആണെന്നതാണ്. ബ്രഹ്‌മപുരം മാലിന്യം കത്തുന്നതിലൂടെ ചുറ്റുവട്ടത്തിൽ രോഗം കൂടിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഡയോക്സിൻ അന്തരീക്ഷത്തിൽ കുറച്ചുകൊണ്ടുവരാനുള്ള ദീർഘകാല പദ്ധതികൾ ഏരെ പ്രാധാന്യമർഹിക്കുന്നു. പക്ഷെ രോഗഭീതി പെരുപ്പിച്ച് കാണിച്ച് ജനങ്ങളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങൾ (Disinformation) തടയുകയും വേണം. സർക്കാർ അടിയന്തിരമായി ഇതിനു മുൻകൈ എടുക്കണം.
(അഭിപ്രായങ്ങൾ വ്യക്തിപരം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.