താൻ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ പണം കൊടുത്തു വാങ്ങിയതാണ്. ഇതിന്റെ ബില്ലും കൈവശമുണ്ട്. വാർത്തകളിൽ പറയുന്ന കോഡിലുള്ള ഫോൺ വീട്ടിൽ ആരുടേയും കൈവശമില്ല. മാധ്യമങ്ങളിൽ വന്ന വാർത്ത വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വിനോദിനി പരാതിയിൽ പറയുന്നു.
കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ നോട്ടീസ് ലഭിക്കാത്തതിനാൽ അവരെ സമീപിക്കാനാകില്ല. തന്റെ പേരിൽ ഒരു സിം മാത്രമേയുള്ളൂ എന്നും ആ നമ്പറാണോ ഐ ഫോണിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.വിനോദിനിയുടെ പരാതി തുടർ അന്വേഷണത്തിനായി ഡി.ജി.പി പൊലീസ് സൈബർ വിഭാഗത്തിന് കൈമാറി.
advertisement
വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണക്കരാർ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ അഞ്ചു ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചിരുന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ വിനോദിനിക്ക് നോട്ടീസ് നൽകിയെന്നും വാർത്ത വന്നിരുന്നു. ഇതേത്തുടർന്നാണ് വിനോദിനി പൊലീസിനെ സമീപിച്ചത്.
യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ഫോണുകളിൽ വില കൂടിയ ഫോൺ മുൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ്റെ കൈവശമെന്ന് കസ്റ്റംസ്. നേരത്തെ നൽകിയ ആറ് ഐ-ഫോണുകളിൽ ഒന്നാണോ അതോ മറ്റൊരു ഫോണാണോ ഇതെന്ന് വ്യക്തത വരേണ്ടതുണ്ട്.
നേരത്തെ നൽകിയ ആറ് ഐ ഫോണുകളിൽ ഒന്ന് സന്തോഷ് ഈപ്പൻ്റെ കൈവശം തന്നെയുണ്ടെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിലാണ്, സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയത്. കോൺസൽ ജനറലിന് കൈമാറാൻ വാങ്ങിയ ഫോൺ എങ്ങനെ തൻ്റെ കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പൻ അന്ന് വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോൺ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.
വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതി ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ അഞ്ചെണ്ണം ആരുടെയൊക്കെ കൈവശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ആറാമത്തെ മൊബൈൽ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നു. ഇതിനിടെയാണ് വിവാദമായ ആപ്പിൾ ഐഫോൺ 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള മൊബൈൽ ഫോൺ തൻ്റെ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പൻ ഇ ഡി യ്ക്ക് മുൻപാകെ വ്യക്തമാക്കിയത്. മൊബൈൽ ഫോണും സീരിയൽ നമ്പരും നേരിട്ട് ഇ.ഡിയെ കാണിച്ച് വ്യക്തത വരുത്തുകയും ചെയ്തു. യഥാർത്ഥത്തിൽ യു.എ.ഇ കോൺസൽ ജനറലിന് നൽകാനായി കൈമാറിയതാണ് ഒരു ലക്ഷത്തി എണ്ണായിരം രൂപ വിലയുള്ള ഈ ഫോൺ. എന്നാൽ തനിക്ക് വേണ്ടത് മറ്റൊരു മോഡലാണെന്ന് കോൺസൽ ജനറൽ പറഞ്ഞതോടെ, അത് തിരുവനന്തപുരത്തു നിന്ന് വാങ്ങി നൽകി. ഇതെ തുടർന്ന് നേരത്തെ നൽകിയ ഫോൺ കോൺസൽ ജനറൽ തിരിച്ച് ഏല്പിച്ചു. ഇതാണ് ഇപ്പോൾ സന്തോഷ് ഈപ്പൻ്റെ കൈവശമുള്ളത്. യു. എ. ഇ ദിനാഘോഷത്തിൽ രമേശ് ചെന്നിത്തല ഫോൺ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോൺ നൽകി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്.