ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദ ഐഫോണുകളിൽ ഒന്ന് കൈവശം വെച്ച കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ ഫോൺ എങ്ങനെ വിനോദിനിയുടെ കൈവശം എത്തി? ഇത് ആര് സമ്മാനിച്ചതാണ്? എന്തിനാണ് സമ്മാനിച്ചത് തുടങ്ങിയ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് വാങ്ങി നൽകിയ ഫോണുകളിൽ വില കൂടിയ ഫോൺ മുൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ്റെ കൈവശമെന്ന് കസ്റ്റംസ്. നേരത്തെ നൽകിയ ആറ് ഐ-ഫോണുകളിൽ ഒന്നാണോ അതോ മറ്റൊരു ഫോണാണോ ഇതെന്ന് വ്യക്തത വരേണ്ടതുണ്ട്.
നേരത്തെ നൽകിയ ആറ് ഐ ഫോണുകളിൽ ഒന്ന് സന്തോഷ് ഈപ്പൻ്റെ കൈവശം തന്നെയുണ്ടെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യലിലാണ്, സ്വപ്നയ്ക്ക് കൈമാറാനായി വാങ്ങിയ ആറാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയത്. കോൺസൽ ജനറലിന് കൈമാറാൻ വാങ്ങിയ ഫോൺ എങ്ങനെ തൻ്റെ കൈവശം തിരിച്ചെത്തിയെന്നും സന്തോഷ് ഈപ്പൻ അന്ന് വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയ്ക്ക് ഫോൺ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.
advertisement
വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതി ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ അഞ്ചെണ്ണം ആരുടെയൊക്കെ കൈവശമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ആറാമത്തെ മൊബൈൽ സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നു. ഇതിനിടെയാണ് വിവാദമായ ആപ്പിൾ ഐഫോൺ 11 പ്രൊ 256 GB MG എന്ന മോഡലിലുള്ള മൊബൈൽ ഫോൺ തൻ്റെ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പൻ ഇ ഡി യ്ക്ക് മുൻപാകെ വ്യക്തമാക്കിയത്. മൊബൈൽ ഫോണും സീരിയൽ നമ്പരും നേരിട്ട് ഇ.ഡിയെ കാണിച്ച് വ്യക്തത വരുത്തുകയും ചെയ്തു. യഥാർത്ഥത്തിൽ യു.എ.ഇ കോൺസൽ ജനറലിന് നൽകാനായി കൈമാറിയതാണ് ഒരു ലക്ഷത്തി എണ്ണായിരം രൂപ വിലയുള്ള ഈ ഫോൺ. എന്നാൽ തനിക്ക് വേണ്ടത് മറ്റൊരു മോഡലാണെന്ന് കോൺസൽ ജനറൽ പറഞ്ഞതോടെ, അത് തിരുവനന്തപുരത്തു നിന്ന് വാങ്ങി നൽകി. ഇതെ തുടർന്ന് നേരത്തെ നൽകിയ ഫോൺ കോൺസൽ ജനറൽ തിരിച്ച് ഏല്പിച്ചു. ഇതാണ് ഇപ്പോൾ സന്തോഷ് ഈപ്പൻ്റെ കൈവശമുള്ളത്. യു. എ. ഇ ദിനാഘോഷത്തിൽ രമേശ് ചെന്നിത്തല ഫോൺ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോൺ നൽകി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്.
advertisement
ഫോണുകളിൽ നാലെണ്ണം യു.എ.ഇ. ദിനാചരണ ചടങ്ങിൽ വിതരണം ചെയ്തു. അഞ്ചാമത്തെ ഫോൺ സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സമ്മാനിച്ചു. ആറാമത്തെ ഫോണിനെ സംബന്ധിച്ച ആശയക്കുഴപ്പമാണ് നിലനിന്നിരുന്നത്. ഇത് എവിടെയുണ്ടെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും അവകാശപ്പെട്ടതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയത്തിൻ്റെ മുന തറച്ചിരുന്നു.
എന്നാൽ ഇപ്പോൾ പറയുന്ന ഐ-ഫോൺ ഇതിൽ ഉൾപ്പെടുന്നതല്ലെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നത്. എന്നാൽ ഈ ഫോൺ എങ്ങനെ വിനോദിനിയുടെ കൈവശം എത്തി? ഇത് ആര് സമ്മാനിച്ചതാണ്? എന്തിനാണ് സമ്മാനിച്ചത് തുടങ്ങിയ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. വിനോദിനിയെ ചോദ്യം ചെയ്ത ശേഷം തുടർ ചോദ്യം ചെയ്യലുകൾ ഇത് സംബന്ധിച്ച് ഉണ്ടാകും. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സന്തോഷ് ഈപ്പൻ ഐ- ഫോണുകൾ വാങ്ങി നൽകിയതെന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2021 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദ ഐഫോണുകളിൽ ഒന്ന് കൈവശം വെച്ച കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും