100-ലേറെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ
‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെ 100-ലേറെ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് പ്രാപ്യമാകും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, ഓൺലൈൻ പരാതി സമർപ്പിക്കൽ, പരാതി പരിഹാരത്തിെൻ്റെ പുരോഗതി നിരീക്ഷിക്കൽ, ഉദ്യോഗസ്ഥരെ നേരിട്ട് കാണുന്നതിനുള്ള ബുക്കിംഗ് സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. പൊതുജനങ്ങൾക്ക് ക്യാമ്പയിനുകളിലും മത്സരങ്ങളിലുമൂടെ ആശയങ്ങൾ പങ്കുവെച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ലളിതമായ ഉപയോഗം, ശക്തമായ സുരക്ഷ
എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന ലളിതമായ ഇൻ്റർഫേസും ആകർഷകമായ ഡിസൈനുമാണ് ആപ്പിൻ്റെ പ്രധാന സവിശേഷത. സ്വകാര്യതയും ഡാറ്റാ സുരക്ഷയും മുൻഗണന നൽകി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ സുരക്ഷിത സേവനാനുഭവം ഉറപ്പാക്കുന്നു. സേവനങ്ങളിലെ സമയബന്ധിതമായ പുതുക്കലുകളും ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.
advertisement
മൊബൈൽ ആപ്പിനൊപ്പം ‘നമ്മുടെ കേരളം’ വെബ് പോർട്ടലിലും ഇതേ സേവനങ്ങൾ ലഭ്യമാകും.
ഐടി മിഷൻ നേതൃത്വത്തിൽ വികസനം
ഐടി വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ നേതൃത്വത്തിലാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള സാങ്കേതിക പിന്തുണ നൽകിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് സേവനങ്ങൾ ഏകോപിപ്പിച്ചത്. ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ്ഫോമുകളിൽ വരും ദിവസങ്ങളിൽ ആപ്പ് ലഭ്യമാകും.
‘നമ്മുടെ കേരളം, സ്മാർട്ട് കേരളം’ എന്ന ആശയത്തെ യാഥാർത്ഥ്യമാക്കുന്ന പുതിയ ചുവടുവെപ്പായാണ് ഈ ഡിജിറ്റൽ പദ്ധതി വിലയിരുത്തപ്പെടുന്നത്.
