താലൂക്ക് ഓഫീസിലെ രജിസ്റ്റർ പരിശോധിക്കാൻ എംഎൽഎയ്ക്ക് അധികാരമില്ലെന്ന രീതിയിൽ എഡിഎം സംസാരിച്ചത് വിവാദമായിരുന്നു. എഡിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎൽഎയുടെ ജോലിയെന്നു പറഞ്ഞു. ജീവനക്കാരില്ലാതിരുന്നതിനെ തുടർന്നു എംഎൽഎ ഇന്നലെ താലൂക്ക് ഓഫീസിലെ അറ്റൻഡൻസ് രേഖകൾ പരിശോധിച്ചിരുന്നു. വീഴ്ച കണ്ടെത്തുന്നതിനു പകരം എഡിഎം, എംഎൽഎയുടെ അധികാരമാണ് പരിശോധിച്ചതെന്നും ജനീഷ് കുമാർ കുറ്റപ്പെടുത്തി.
രഹസ്യ സ്വഭാവമില്ലാത്ത എല്ലാ രേഖകളും പരിശോധിക്കാൻ എംഎൽഎയ്ക്ക് അധികാരമുണ്ടെന്നും എഡിഎമ്മിന്റെ നിലപാടിനെതിരെ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു. ജീവനക്കാർ പോയത് ക്വാറി ഉടമയുടെ ബസിലാണെന്നും എംഎൽഎ ആരോപിച്ചു. അതേ സമയം വിനോദയാത്രയ്ക്കു പോയ ജീവനക്കാരിൽ നിന്നു 3000 രൂപ വീതം യൂണിയൻ നേതാക്കൾ പിരിച്ചിരുന്നുവെന്നും എന്നാൽ ക്വാറി ഉടമ ഏർപ്പാടാക്കിക്കൊടുത്ത റിസോർട്ടിൽ സൗജന്യ താമസമാണ് ലഭിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
advertisement
ആകെയുള്ള 60 ജീവനക്കാരിൽ തഹസില്‍ദാരും ഡപ്യൂട്ടി തഹസില്‍ദാര്‍മാരും ഉൾപ്പെടെ 35 പേരാണ് ഇന്നലെ ജോലിക്ക് ഹാജരാകാതിരുന്നത്. സംഭവത്തില്‍ പരാതി ഉയർന്നതിനെ തുടർന്ന് സ്ഥലം എംഎൽഎയായ കെ യു. ജനീഷ് കുമാർ ഓഫീസിലെത്തി അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ചിരുന്നു. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട് തഹസിൽദാർ പങ്കെടുക്കുന്ന യോഗം ചേരാൻ മന്ത്രി നിർദേശിച്ച തീയതിയും ഇന്നലെയായിരുന്നു. എന്നാൽ, ഔദ്യോഗിക ആവശ്യമുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തഹസിൽദാർ എംഎൽഎയെ അറിയിച്ചിരുന്നു.