യുവതിയുടെ രണ്ടാമത്തെ വിശദീകരണവീഡിയോകൂടി വന്നതോടെ ദീപക് വല്ലാതെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്താവശ്യത്തിനും സഹായത്തിനായി ഓടിയെത്തുന്ന ആളായിരുന്നു വീട്ടുകാരും ബന്ധുക്കളുമെല്ലാം ‘ചീക്കു’ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ദീപക്ക്.സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
രാത്രി കിടപ്പുമുറിയിലേക്കുപോയ ദീപക് ഞായറാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് വീട്ടുകാർ അയൽക്കാരെ വിളിച്ചു. അവരുടെ സഹായത്തോടെ വാതിൽപൊളിച്ചുനോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന ദീപക്കിനെ കണ്ടത്. അച്ഛനും അമ്മയും തളർന്നവശരായി കണ്ണീരടക്കാനാവാതെ ദീപക്കിന്റെ മൃതദേഹത്തിനുസമീപം നിന്നു.
advertisement
ദീപക്കിനെക്കുറിച്ച് നാളിതുവരെ ഒരുപരാതിയും കേട്ടിട്ടില്ലെന്ന് ദീപക് ജോലിചെയ്യുന്ന സ്വകാര്യ വസ്ത്രവ്യാപാരസ്ഥാപനമായ ‘മുദ്ര ഇംപെക്സ്’ ഉടമ വി. പ്രസാദ് പറഞ്ഞു. ഏഴുവർഷമായി പ്രസാദിനൊപ്പമാണ് ദീപക് ജോലിചെയ്തിരുന്നത്. സാമൂഹികമാധ്യമത്തിലെ വീഡിയോയെക്കുറിച്ച് തിരക്കിയപ്പോൾ കണ്ടെന്നു മാത്രമായിരുന്നു ദീപക്കിന്റെ മറുപടി. യുവതിക്കെതിരേ മാനനഷ്ടത്തിന് കേസുനൽകണമെന്നും പ്രസാദ് പറഞ്ഞിരുന്നു.
12 വർഷമായി കോഴിക്കോട് ഗോവിന്ദപുരത്താണ് ദീപകും കുടുംബവും താമസിക്കുന്നത്. ദീപക്കിന് ഇത്തരമൊരുകാര്യം ഒരിക്കലും ചെയ്യാൻസാധിക്കില്ലെന്ന് അയൽവാസികളായ വീട്ടമ്മമാർക്കുൾപ്പെടെ പറയുന്നു.
