സസ്പെൻഷനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായിരുന്നു. എസ്എഫ്ഐ, കെ എസ് യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാംപസിനുമുന്നിൽ പ്രതിഷേധസമരങ്ങൾ നടന്നത്. ക്യാംപസിനകത്ത് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിലും വൻപ്രതിഷേധം സംഘടിപ്പിച്ചു. രാത്രി വൈകുംവരെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വിദ്യാർത്ഥിക്കുനേരേയുള്ള സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കാൻ എൻഐടി അധികൃതർ തീരുമാനിച്ചു.
എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. എൻഐടി കവാടത്തിനുമുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് എസ്എഫ്ഐ പ്രവർത്തകർ ക്യാംപസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു.
advertisement
കെ എസ് യു. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻഐടി ക്യാംപസിനുമുന്നിൽ പ്രതിഷേധത്തെരുവും ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ മാർച്ച് ക്യാംപസ് ഗേറ്റിനുമുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ക്യാംപസിലേക്ക് കടക്കാൻ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധത്തിന്റെ ഭാഗമായി ക്യാംപസ് കവാടത്തിനുമുന്നിൽ കെ എസ് യു പ്രവർത്തകർ രാജ്യത്തിന്റെ ത്രിവർണഭൂപടം തീർത്തു. പ്രതിഷേധപരിപാടിക്കുശേഷം കെ എസ് യു നേതാക്കൾ ക്യാംപസിനകത്ത് പ്രതിഷേധിക്കുകയായിരുന്ന എൻഐടിയിലെ വിദ്യാർത്ഥികളെ സന്ദർശിക്കാനൊരുങ്ങിയത് പൊലീസ് തടഞ്ഞതോടെ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി.
അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാംപസിലെ സ്പിരിച്വാലിറ്റി ആൻഡ് സയൻസ് (എസ്എൻഎസ്) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്നാണ് നാലാംവർഷ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ക്യാംപസിലെ അച്ചടക്കസമിതി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ സസ്പെൻഡ് ചെയ്തത്.