വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു.
തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. ശബരീനാഥൻ ഹാജരായതിനു പിന്നാലെയാണ് അറസ്റ്റ്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് പറയുന്നത്.
advertisement
ശബരീനാഥിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. താൻ എംഎൽഎ ആയിരിക്കുമ്പോൾ രണ്ട് തവണയുണ്ടായ വധശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നിട്ടും അന്നൊന്നും കേസ് കൊടുത്തിരുന്നില്ല. വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്. മുൻ എംഎൽഎ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
അക്രമം ആസൂത്രിതം ആണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വാട്സ്ഗ്രൂആപ്പ് ഗ്രൂപ്പിൽ ഗുഢാലോചന നടന്നതായും മുൻ എംഎൽഎ കൂടിയായ സംസ്ഥാന വൈസ് പ്രസിഡൻ്റ് വാട്സ്ആപ്പിൽ നിർദേശം നൽകിയതായും ശബരിനാഥൻ്റെ വാട്സ്ആപ് സന്ദേശം ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നായിരുന്നു കെ എസ് ശബരിനാഥന്റെ പ്രതികരണം. പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തിയതെന്നും വക്രീകരിച്ച് വധശ്രമമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതായും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് ശബരിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.