'ഒരുതവണ എനിക്കെതിരെ നിറയൊഴിച്ചു, മറ്റൊരിക്കൽ തോക്ക് ചൂണ്ടി'; അന്ന് എംഎൽഎ ആയിരുന്നിട്ടും കേസെടുത്തില്ലെന്ന് പിണറായി വിജയൻ
- Published by:Anuraj GR
- news18-malayalam
Last Updated:
വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്. മുൻ എംഎൽഎ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷം ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഓടിയടുത്ത അക്രമിയെ സദുദ്ദേശ്യ ത്തോടെ തടഞ്ഞവർക്കെതിരെ നിയമനടപടി നിലനിൽക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 'ഒരുതവണ എനിക്കെതിരെ നിറയൊഴിച്ചു. മറ്റൊരിക്കൽ റോഡിലൂടെ നടന്നുപോകുമ്പോൾ തോക്ക് ചൂണ്ടി. രണ്ടുതവണയും ഞാൻ എംഎൽഎ ആയിരുന്നു. എന്നിട്ടും അന്നൊന്നും പോലീസ് കേസെടുത്തില്ല'- മുമ്പ് തനിക്കെതിരെ ഉണ്ടായ വധശ്രമങ്ങൾ ചൂണ്ടിക്കാട്ടി പിണറായി വിജയൻ പറഞ്ഞു. വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്. മുൻ എംഎൽഎ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തിലെ അക്രമം ആസൂത്രിതമാണെന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന വാട്സ് അപ് ഗ്രൂപ്പിൽ ഗുഢാലോചന നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുൻ എംഎൽഎ കൂടിയായ സംസ്ഥാന വൈസ് പ്രസിഡന്‍റ് വാട്സ്ആപ്പിൽ നിർദേശം നൽകിയെന്നും ശബരിനാഥന്‍റെ വാട്സ്ആപ് സന്ദേശം ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം വിമാനത്തിൽ നിന്ന് താൻ ഇറങ്ങിയതിനു ശേഷം അല്ല സംഭവം എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ അവർ തന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചു. മുദ്രാവാക്യവും വിളിച്ചു. എയർഹോസ്റ്റസുമാർ ഇരിക്കാൻ പറഞ്ഞു. അവർ ഇരുന്നു. പിന്നീട് വീണ്ടും അവർ ചാടി എഴുന്നേറ്റു. വിമാനത്തിൻറെ വാതിൽ പോലും തുറന്നിരുന്നില്ല. എയർ ഹോസ്റ്റസ് ഇരിക്കാൻ പറഞ്ഞിട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റു . വിമാനം നിന്നതേയുള്ളു, ആരും ഇറങ്ങിയിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അക്രമികളെ തടഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ അനിൽ കുമാറിനും പി എ സുനീഷിനും പരിക്കേറ്റു. അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയോടോ തങ്ങളെ ആരും ആക്രമിച്ചതായി പ്രതികൾ പരാതി പറഞ്ഞിട്ടില്ല. തങ്ങളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കാൻ പിന്നീട് പരാതി നൽകുകയായിരുന്നു.
advertisement
പരാതി വസ്തുതാ വിരുദ്ധം എന്ന അന്വേഷണത്തിലൂടെ വ്യക്തമായി. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് വിരുദ്ധമായതിനാൽ പ്രത്യകം കേസ് എടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡിഗോയുടെ ഉത്തരവ് ഇ പി ജയരാജന്‍റെ ഭാഗം കേൾക്കാതെയാണെന്നും പ്രതികളെ സഹായിച്ച നിലപാടാണെന്നും ആക്ഷേപമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തു. പ്രതിഷേധിച്ചവർ കുട്ടികളെന്ന കോൺഗ്രസ് നിലപാടിനെയും മുഖ്യമന്ത്രി പരിഹസിച്ചു. ഇതിൽ ഒരു കുഞ്ഞിന് 19 കേസുകൾ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2022 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരുതവണ എനിക്കെതിരെ നിറയൊഴിച്ചു, മറ്റൊരിക്കൽ തോക്ക് ചൂണ്ടി'; അന്ന് എംഎൽഎ ആയിരുന്നിട്ടും കേസെടുത്തില്ലെന്ന് പിണറായി വിജയൻ