നാടകീയമായ ഒട്ടേറെ സംഭവങ്ങൾക്കൊടുവിലാണ് പണിമുടക്ക് പിൻവലിയ്ക്കാനുള്ള തൊഴിലാളി സംഘടനകളുടെ തീരുമാനം വന്നത്. സമരം മൂലം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഗണിച്ച് കെഎസ്ആർടിസിയിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ബസിൽ യാത്ര ചെയ്യുന്നവർക്കും അവകാശങ്ങളുണ്ടെന്ന് കോടതി സമരക്കാരെ ഓർമ്മിപ്പിച്ചു. സമരക്കാർക്ക് പറയാനുള്ളത് കേൾക്കാൻ മാനേജ്‌മെന്റ് തയാറാകണമെന്നും കോടതി നിർദേശിച്ചു. ഒന്നാം തിയതി സമരത്തിന് നോട്ടീസ് ലഭിച്ചിട്ട് 14 ദിവസം കെഎസ്ആർടിസി എംഡി എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു.
advertisement
പണിമുടക്കു തടഞ്ഞ ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആദ്യ പ്രതികരണം. തൊഴിലാളികൾക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്നു മന്ത്രി എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടു. എന്നാൽ, വൈകാതെ മന്ത്രി നേരിട്ട് തൊഴിലാളി സംഘടനകളെ ചർച്ചയ്ക്കുവിളിച്ചു. ഒരു മണിക്കൂർ നീണ്ട ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്.
