മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോണലിസയും ഫര്‍മാനും ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിച്ചു. മധ്യപ്രദേശില്‍നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം, 2008 ജനുവരി 1 ആണ് മോണലിസയുടെ ജനന തീയതി. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതു കൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും ഇരുവരും പറഞ്ഞു .
'നാഗമ്മ' എന്ന സിനിമയില്‍ അഭിനയിക്കാനാണ് മോണലിസയും ഫര്‍മാനും കേരളത്തിലെത്തിയത്.ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് തമ്മിൽ പരിചയപ്പെട്ടത്. ഒളിച്ചോടി വന്നതല്ല. പത്ത് ദിവസം മുമ്പാണ് പിതാവിന്റെ കൂടെ എത്തിയത്
advertisement
ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മതം മാറില്ലെന്നും മോണലിസ പറഞ്ഞു. മോണലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലെന്നും ഫര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിനോടു വലിയ നന്ദിയുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിവാഹത്തിനു വരുമെന്നു കരുതിയില്ല. ഇവിടെ എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു.
അതേസമയം, വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2009 ജനുവരി 21 ന് ജനിച്ച മൊണാലിസ 2025 ജനുവരി 21ന് പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ അമ്മയുമായി ഭാരവാഹികൾ ബന്ധപ്പെട്ടെന്നും മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് അമ്മ പറയുന്നതെന്നും പരാതിയില്‍ പറയുന്നു. ശൈശവവിവാഹത്തിന്റെയും പോക്‌സോ നിയമത്തിന്റെയും പരിധിയില്‍ വരുന്ന വിഷയമായതിനാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.വിവാഹത്തിനു സൗകര്യം ഒരുക്കിയവര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും എതിരെ നടപടി സ്വീകരിക്കണം. വ്യാജരേഖ തയാറാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നു.
ഇസ്ളാം മതവിശ്വാസിയായ ഫര്‍മാനുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ തടസ്സം നില്‍ക്കുന്നെ ന്ന പരാതിയുമായാണ് മോണലിസ ബുധനാഴ്ച്ച രാവിലെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ മോണലിസയെ പൊലീസ് അനുവദിച്ചതോടെയാണ് സുഹൃത്തിന്റെ സഹായത്തോടെ ബുധനാഴ്ച വൈകിട്ട് പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്ഠയ്ക്കു മുന്നിൽ ഫർമാൻ താലി കെട്ടിയത്.
മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എ.എ.റഹീം തുടങ്ങിയവര്‍ വിവാഹത്തിന് മംഗളങ്ങൾ നേർന്ന് പിന്തുണയുമായെത്തിയിരുന്നു.
കുംഭമേളയ്ക്കിടയില്‍ കുടുംബത്തോടൊപ്പം മാലക്കച്ചവടം നടത്തുകയായിരുന്ന മോണലിസയുടെ കണ്ണുകളുടെ ചിത്രം പുറത്തുവന്നതോടെയാണ് അവര്‍ ശ്രദ്ധേയയായത്.
