തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ പന്തല്ലൂർ മേങ്കോറേഞ്ചിലാണ് മൂന്ന് വയസ്സുകാരി പുള്ളിപുലിയുടെ ആക്രമണത്തിന് ഇരയായത്. അങ്കണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ പുലി ആക്രമിക്കുകയായിരുന്നു. കുഞ്ഞിൻറെ അമ്മ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തിയതോടെ കുഞ്ഞിനെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി വളർത്തുമൃഗങ്ങളെയും പുലി കൊന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയത് ഒരേ പുലി ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച വിവരം അറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാർ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ചിരുന്നു. ഇതോടെ, നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം ഉൾപ്പടെ തടസപ്പെട്ടു.