കരിമ്പിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ആണ് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കുന്നത്. സമീപ മാസങ്ങളിൽ ഇതിന് നാൽപതു ശതമാനം വില വർധനയുണ്ടായതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. വിതരണക്കാരുടെ പ്രതിനിധികൾ എക്സൈസ് മന്ത്രി എം ബി രാജേഷുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. സംഭരണവില വർധിപ്പിക്കുകയോ നികുതിയിളവ് നൽകുകയോ പോലുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇഎൻഎ വിലക്കയറ്റം മൂലം മദ്യവ്യവസായം പ്രതിസന്ധി നേരിടുകയാണെന്നും ഭൂരിഭാഗം വിതരണക്കാരും ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ആലോചിക്കുകയാണെന്നും ഇവർ പറഞ്ഞു.
advertisement
''വിതരണക്കാർ നികുതിയിളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നുകിൽ വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ നികുതിയളവ് നൽകുക എന്നതാണ് അവരുടെ ആവശ്യം. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ട്. എത്രയും വേഗം തീരുമാനം എടുക്കും'', മന്ത്രി എം ബി രാജേഷ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരുമായി ഇതു സംബന്ധിച്ച കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നികുതിയിളവ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Also read : ബിവറേജസ് കോർപറേഷൻ 1608 കോടി രൂപ നഷ്ടത്തിൽ; ലാഭത്തിൽ മുന്നിൽ KSFE
സെൽഫ് സർവീസ് ഷോപ്പുകളിൽ അടുത്തിടെ നടന്ന മോഷണങ്ങളുടെ പശ്ചാത്തലത്തിൽ, തിരക്കേറിയ ഔട്ട്‌ലെറ്റുകളിൽ 180 മില്ലി ബോട്ടിലുകളും വിലകുറഞ്ഞ ബ്രാൻഡുകളും വിൽക്കാൻ പ്രത്യേക കൗണ്ടർ തുറക്കാൻ ബെവ്‌കോ ആലോചിക്കുന്നുണ്ട്. കടകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ചില മദ്യഷോപ്പുകളിൽ ഇത്തരം കൗണ്ടറുകൾ തുറന്നത് വിജയം കണ്ടിരുന്നു. വില കുറഞ്ഞ ബ്രാൻഡുകൾ വാങ്ങുന്നതിനായി കടയിലെത്തിയവരാണ് മോഷണം നടത്തിയത്. എന്നാൽ, മോഷ്ടിച്ച കുപ്പികൾ പലതും വിലകൂടിയ ബ്രാൻഡുകളായിരുന്നു. മദ്യം മോഷ്ടിച്ചവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ബെവ്‌കോ മുന്നറിയിപ്പ് നൽകി.
പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നേരത്തേ നിയമ ഭേദഗതിക്ക് വരുത്തിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.