എ.സി. സ്ലീപ്പർ, എ.സി. സീറ്റർ ബസുകളും, നോൺ എ.സി. ബസുകളും തിരുവനന്തപുരത്തെ KSRTC സ്വിഫ്റ്റ് ഓഫീസിൽ എത്തിച്ചു കഴിഞ്ഞു. കരാർ അടിസ്ഥാനത്തിൽ ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണ്. ഡ്രൈവർ-കം -കണ്ടക്ടർ തസ്തികയിലാണ് നിയമനം. എല്ലാ ദീർഘദൂര ബസുകളും KSRTC- സ്വിഫ്റ്റിലേക്ക് മാറിയാൽ അത് കെ.എസ്.ആർ.ടി.സിയെ തകർച്ചയിലേക്ക് തള്ളിവിടുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷ യൂനിയനുകൾ എതിർക്കുന്നത്.
പി.എസ്.സിയിലെ ഡ്രൈവിങ് ലിസ്റ്റിലുള്ളവരും കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്.
advertisement
KSRTC-സ്വിഫ്റ്റിൽ ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയുമായി കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകൾ അടക്കം 50 ൽ അധികം ബസുകൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.
വോൾവോ കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ലക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ.സി. ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഭാഗമാകും. KSRTC - സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും.
ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകൾ സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ വാങ്ങിയത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങിയത്. കെഎസ്‌ആർടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള പുതു പുത്തൻ ബസുകൾ പുറത്തിറക്കിയത്.
ഇതോടെ ദീർഘദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകും. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി ടെണ്ടർ നിരക്കിൽ തന്നെ അധികമായി വാങ്ങുവാനുള്ള ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ ആകെ 116 ബസുകളാണ് ഉടൻ KSRTC- സ്വിഫ്റ്റില്‍ എത്തുന്നത്.
Summary: KSRTC-SWIFT buses, intended for long distance trips, to turn operational from April 11 onwards. Initially, the buses may course through Mookambika, Chennai, Bengaluru, Mysore, Coimbatore, Nagercoil, Puducherry. To make things work, KSRTC has posted workers on contract basis in the driver-cum-conductor head
