എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാൽ സിപിഎമ്മും നിലപാട് വ്യക്തമാക്കുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം, മാദ്ധ്യമങ്ങളുടെ ചില ചോദ്യങ്ങളിൽ നിന്ന് എം വി ഗോവിന്ദൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയും ചെയ്തു. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിൽ നിന്നാണ് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറിയത്.
വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. ഇക്കാര്യം വിശകലനം ചെയ്യേണ്ട വിഷയമാണ്. എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എസ്ഡിപിഐ പിന്തുണ നിലപാട് വ്യക്തമാക്കിയാൽ സിപിഎം പിന്തുണയുടെ കാര്യവും വ്യക്തമാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
advertisement
എസ്ഡിപിഐ പിന്തുണയുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ സമ്മതിച്ചില്ലെങ്കിലും പലരുടെയും പ്രതികരണത്തിൽ നിന്നെല്ലാം വ്യക്തമാണ്. എസ്‍ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ കെ ബാലൻ പ്രതികരിച്ചിരുന്നു. തെറ്റായ ആശയങ്ങൾ തലയ്ക്ക് പിടിച്ചവരെ മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്നും അതിന്റെ ഭാഗമായാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.
