എറണാകുളം മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവർത്തക കൂടിയായിരുന്നു. 2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയാണ്. പയ്യന്നൂർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഇരു കോളേജുകളിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിരുന്നു.
advertisement
മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവിൽ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എത്തിയപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്.
സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാൽ, വ്യാജ തൊഴിൽ രേഖ ഉപയോഗിച്ച് വിദ്യ നേരത്തേയും ജോലി നേടിയിരുന്നുവെന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. വിദ്യ ഒരു വർഷം മുൻപ് പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർഗോഡ് ജില്ലയിലെ സർക്കാർ കോളേജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
Also Read- മഹാരാജാസ് കോളജിന്റെ വ്യാജ സർട്ടിഫിക്കറ്റ്; പൂർവ വിദ്യാർത്ഥിനി വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്
കഴിഞ്ഞ പത്ത് വർഷമായി മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപക നിയമനം നടന്നിരുന്നില്ല. കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.
471, 465, വകുപ്പുകൾ പ്രകാരമാണ് വിദ്യയ്ക്ക് എതിരെ പോലീസ് കേസെടുത്തത്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെയാണ് വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നു.